Election 2021KERALANEWSTop News

രാജാധികാരത്തെ വെല്ലുവിളിച്ച ഉ​ഗ്രൻപിള്ളയുടെ നാട്; കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്റെ അശ്വമേധം തടയാൻ കടകംപള്ളിക്ക് കരുത്തുണ്ടോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ദിശാ സൂചകമായി കരുതുന്ന നിയോജക മണ്ഡലമാണ് കഴക്കൂട്ടം. വികസന രാഷ്ട്രീയത്തിനും ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിനും അപ്പുറം വിശ്വാസവും ആചാരവും ചർച്ചയാകുന്ന മണ്ഡലമെന്ന നിലയിൽ വരുംകാല കേരള രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തലാകും കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം. ശബരിമല ആചാര സംരക്ഷണത്തിന്റെ മുന്നണി പോരാളി ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായും ശബരിമല യുവതീപ്രവേശനം യാഥാർത്ഥ്യമാക്കാൻ ശ്രമിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർത്ഥിയായും കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ ഡോ എസ് ലാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും എത്തുന്നു എന്ന പ്രത്യേകതയാണ് കഴക്കൂട്ടത്തിനുള്ളത്. ശോഭ സുരേന്ദ്രൻ വിജയിച്ചാൽ അത് ശബരിമല വിശ്വാസികളുടെയും ആചാര സംരക്ഷകരുടെയും കൂടി വിജയമാകും. രാഷ്ട്രീയമായി പറഞ്ഞാൽ, കേരളം വലത് മാറി നടന്ന് തുടങ്ങും. ക‌ടകംപള്ളി ജയിച്ചാൽ ഇടത് പക്ഷ രാഷ്ട്രീയത്തിന് മാത്രമല്ല, മറിച്ച് പുരോ​ഗമന ചിന്തകർക്കും സ്ത്രീ സമത്വ വാദികൾക്കും ആശ്വസിക്കാം. രാഷ്ട്രീയമായി, കേരളം ഇടത്-മതേതര – പുരോ​ഗമന ചിന്തകൾ ഇനിയും കൈവിട്ടിട്ടില്ലെന്ന് തീർച്ചപ്പെടുത്തും. കോൺ​ഗ്രസ് ജയിച്ചു കയറിയാൽ അത് അട്ടിറി വിജയങ്ങളുടെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടും.

സിപിഎം വികസനം ചർച്ചയാക്കുമ്പോൾ വിശ്വാസം ചർച്ചയാക്കി ആഞ്ഞടിക്കുകയാണ് ശോഭ സുരേന്ദ്രൻ. ശോഭയുടെ ചാട്ടുളി പോലുള്ള ആരോപണങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഇന്ന് കേരള രാഷ്ട്രീയത്തിൽ കെൽപ്പുള്ള ആരും ഇല്ലെന്ന് തന്നെ പറയേണ്ടി വരും. പക്ഷേ, വിശ്വാസമാണോ വികസനമാണോ കഴക്കൂട്ടത്തെ ജനതയുടെ പ്രഥമ പരി​ഗണന എന്നത് തന്നെയാകും ശോഭ സുരേന്ദ്രന്റെ വിജയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. എന്നാൽ, കടകംപള്ളി സുരേന്ദ്രന് മേൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും കടകംപള്ളിയുടെ പരാജയം പോലും വലിയ ആഘോഷമാക്കാൻ ബിജെപിക്ക് കഴിയും. ആ സാധ്യത തന്നെയാണ് കോൺ​ഗ്രസും ഡോ. എസ് ലാലും ലക്ഷ്യം വെക്കുന്നതും.

തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 1 മുതൽ 12 വരേയുള്ള വാർഡുകൾ, 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ് കഴക്കൂട്ടം നിയമസഭ മണ്ഡലം.1977 മുതലുള്ള മണ്ഡല ചരിത്രം പരിശോധിച്ചാൽ രണ്ടു തവണ മാത്രമാണ് സിപിഎം ഇവിടെ നിന്ന് വിജയിച്ചിട്ടുള്ളത്. രണ്ട് തവണയും സിപിഎമ്മിന് വേണ്ടി ജയിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. 1996 ലായിരുന്നു ആദ്യ വിജയം. 2016 ൽ കോൺ്ഗരസിലെ എംഎ വാഹിദിനെ പരാജയപ്പെടുത്തിയായിരുന്നു സുരേന്ദ്രന്റെ വിജയം. 7347 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി ജയിച്ചുകയറിയത്.50079 വോട്ടായിരുന്നു സുരേന്ദ്രൻ നേടിയത്.

എന്നാൽ കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ബിജെപി മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടി. വി മുരളീധരനായിരുന്നു അന്ന് ബിജെപി സ്ഥാനാർത്ഥി. 2011 ൽ വെറും 7508 വോട്ടുണ്ടായിരുന്ന സ്ഥാനത്താണ് 42,732 എന്ന വമ്പൻ മുന്നേറ്റം മുരളീധരൻ കാഴ്ചവെച്ചത്. ഇതോടെ മണ്ഡലത്തിൽ ഇക്കുറി പ്രതീക്ഷ ഉയർന്ന നിലയിലാണ് ബിജെപി.

അതേസമയം കഴിഞ്ഞ ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ലോക്സഭ തിരഞ്ഞെടുപ്പിൽ ശശി തരൂർ ആയിരുന്നു കഴക്കൂട്ടത്ത് മുന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ 31,979 വോട്ടുകൾ മണ്ഡലത്തിൽ നേടാനും കോൺഗ്രസിന് സാധിച്ചിരുന്നു. എൽഡിഎഫിന് 48,799 വോട്ടും, എൻഡിഎയ്ക്ക് 36, 309 വോട്ടുകളുമാണ് ലഭിച്ചത്. തദ്ദേശതിരഞ്ഞെടുപ്പ് ഫലം നോക്കിയാൽ മണ്ഡലത്തിലെ 22ൽ 14 ഇടത്തും ഇടതുമുന്നണി മുന്നേറ്റമുണ്ട്.

ചരിത്രമെടുത്താൽ കഴക്കൂട്ടത്തിനുള്ളത് വിശ്വാസത്തിന്റെ പാതയും അധികാരത്തെ അട്ടിമറിച്ച ചരിത്രവുമാണ്. പുരാതനകാലം മുതൽ ജൈന-ബുദ്ധമത വിശ്വാസങ്ങൾ നിലകൊണ്ടിരുന്ന സ്ഥലമാണ് കഴക്കൂട്ടം. ഇവിടെ അടുത്ത് സ്ഥിതി ചെയ്യുന്ന മടവൂർ പാറ ഒരു കാലത്ത് ബുദ്ധമത കേന്ദ്രം ആയിരുന്നതായി കണക്കാക്കപ്പെടുന്നു. ആയ് രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന തൃപ്പാദപുരം കഴക്കൂട്ടത്തിനു സമീപത്താണ്. കഴക്കൂട്ടത്തെ മഹാദേവക്ഷേത്രം അതിപുരാതനമാണ്. പിൽക്കാലത്ത് തിരുവിതാംകൂറിൽ ഭരണസ്വാധീനം വളരെ ചെലുത്തിയിരുന്ന എട്ടുവീട്ടിൽ പിള്ളമാരിൽ പ്രമുഖനായിരുന്നു കഴക്കൂട്ടത്തു പിള്ള. മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഒരു കുളവും ഇന്ന് കഴക്കൂട്ടത്തു കാണാം.

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡ വർമ്മയുടെ അധികാരം അട്ടിമറിക്കാൻ ശ്രമിച്ച എട്ടുവീട്ടിൽ പിള്ളമാരിൽ പ്രതാപിയായിരുന്ന ഉ​ഗ്രൻ പിള്ളയുടെ ആസ്ഥാനമായിരുന്നു കഴക്കൂട്ടം. ഉ​ഗ്രൻ പിള്ളയെ പരാജയപ്പെടുത്തി തറവാടും നശിപ്പിച്ച് അവിടെ കുളം തോണ്ടിയ ശേഷമാണ് മാർത്താണ്ഡ വർമ്മ മടങ്ങിയത് എന്നാണ് ചരിത്രം.

ഇന്ന് ടെക്നോപാർക്ക്, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, കിൻഫ്ര അപ്പാരൽ കേന്ദ്രം, ഫിലിം-വീഡിയോ കേന്ദ്രം, തുടങ്ങിയവ കഴക്കൂട്ടത്തിന് ​ഗരിമ ഏകുന്നു. സൈനിക സ്കൂൾ, ഡി സി സ്കൂൾ ഓഫ് മീഡിയ, കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്, റാണീ ലക്മീബായി കോളേജ് ഓഫ് ഫിസിക്കൽ എഡുക്കേഷൻ തുടങ്ങിയവയും അടുത്ത് തന്നെ സ്ഥിതി ചെയ്യുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close