
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രധാന പ്രതി നളിനി മുരുകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 29 വര്‍ഷക്കാലമായി വെല്ലൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇവര്‍. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് നളിനിയുടെ അഭിഭാഷകന് ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയത്.
1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ വെച്ച് എല്‍ടിടിഇ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തുന്നത്. 1999-ല്‍ ടാഡ കോടതി നളിനിയടക്കം നാലു പ്രതികള്‍ക്കു വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ നളിനിയുടെ ശിക്ഷാവിധിയില്‍ ഇളവു വരുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയാ ഗാന്ധിയായിരുന്നു. സ്ത്രീയായതിനാലും ചെറിയകുട്ടി ഉള്ളതിനാലും നളിനിയുടെ ശിക്ഷ ഇളവുചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടത്. നളിനിയുടെ ശിക്ഷ ഇളവ് ചെയ്യുകയും ജീവപര്യന്തമായി മാറ്റുകയും ചെയ്തു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് കേസിലെ മറ്റു പ്രതിയും നളിനിയുടെ ഭര്‍ത്താവുമായ മുരുകന് ജയില്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.