രാജ്യത്തെ കൊവിഡ് നിരക്ക് 18 ലക്ഷം കടന്നു; മരണനിരക്കും ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,03,695 ആയി.771 മരണങ്ങള് കൂടി പുതുതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 38,135 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്.
ഇത് വരെ 11,86,203 പേര് രോഗമുക്തരായെന്നും കേന്ദ്ര സര്‍ക്കാരിന്റെ രാവിലത്തെ കൊവിഡ് റിലീസില്‍ പറയുന്നു. നിലവില്‍ 5,79,35 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശില്‍ എണ്ണായിരത്തിനും മുകളില്‍ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും അയ്യാരിത്തിലേറെ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ ആകെ രോഗബാധിതര്‍ എഴുപത്തിയയ്യായിരം കടന്നു. ഉത്തര്‍പ്രദേശിലും സ്ഥിതി ഗുരുതരമാണ്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണ്. മന്ത്രിയുമായി സമ്പര്‍ക്കത്തില്‍ വന്ന പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് രാജ്സ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.