രാജ്യത്ത് ഇന്നലെ 122 മരണം, 3525 കേസുകള്‍, ആകെ രോഗബാധിതരുടെ എണ്ണം 74,281, കടുത്ത ആശങ്ക

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 122 പേരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 2415 ആയി. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 74,281 ആയി. രോഗം ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത് 47,480 പേരാണ്. 24,386 പേര്‍ക്ക് രോഗം ഭേദമായി. ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാകാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മരണസംഖ്യ കൂടുന്നത്. ആശങ്ക കൂട്ടുന്നത് തന്നെയാണ് ഇന്ന് പുറത്തുവന്ന കണക്കുകള്‍. നാലാം ലോക്ക്ഡൗണുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വ്യക്തമാക്കിയെങ്കിലും ഇളവുകള്‍ കൂടി പ്രഖ്യാപിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടി വരും. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നുറപ്പ്.
ഇപ്പോഴും മഹാരാഷ്ട്രയില്‍ത്തന്നെയാണ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതും രാജ്യത്ത് തന്നെ ഏറ്റവും മുന്നില്‍ നില്ക്കുന്നതും. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1230 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗം ഇരട്ടിയാകുന്നതിന്റെ ഇടവേള 10.24 ദിവസങ്ങളാണ്. ഒരാഴ്ച ഏതാണ്ട് കേസുകളില്‍ 7 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുന്നു. ഏറ്റവും ആശങ്കയുയര്‍ത്തുന്നത് ഗുജറാത്താണ്. രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണെങ്കിലും മരണനിരക്ക് ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണ്. ഇവിടെ കഴിഞ്ഞ 24 മണിക്കൂറില്‍ 348 പേര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചുള്ളൂ എന്നത് തല്ക്കാലം ആശ്വാസമാണ്.
തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ ആശങ്ക. ദില്ലിയല്ല, ഇപ്പോള്‍ കേസുകളുടെ എണ്ണത്തില്‍ തമിഴ്നാടാണ് മൂന്നാമത്. 8002 രോഗബാധിതരാണ് തമിഴ്നാട്ടിലുള്ളത്. കേസുകള്‍ ഏറ്റവും വേഗത്തില്‍ ഇരട്ടിക്കുന്നത് ഇവിടെയാണ്. 24 മണിക്കൂറിനിടെ 798 പേരാണ് തമിഴ്നാട്ടില്‍ രോഗബാധിതരായത്. അതീവഗുരുതരമാണ് സ്ഥിതിഗതികള്‍. ഏഴ് ദിവസത്തില്‍ ശരാശരി 12.31 ശതമാനം രോഗികള്‍ തമിഴ്നാട്ടില്‍ കൂടുന്നത് കേരളത്തിന് കടുത്ത ആശങ്കയാണ്. അഞ്ചരദിവസത്തിലൊരിക്കല്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുകയും ചെയ്യുന്നു ചെയ്യുന്നു. ദില്ലിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത്. 24 മണിക്കൂറില്‍ 13 മരണം റിപ്പോര്‍ട്ട് ചെയ്തത് രാജ്യതലസ്ഥാനത്തിന് കടുത്ത ആശങ്കയാണ്. 24 മണിക്കൂറില്‍ 798 രോഗബാധിതര്‍ കൂടുകയും ചെയ്തു. കണ്ടെയ്ന്മെന്റ് സോണുകളിലല്ലാതെ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തയ്യാറായിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍.