INDIANEWS

രാജ്യത്ത് എല്ലായിടത്തും വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ജയ്പൂര്‍: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ ജയിച്ചാല്‍ സൗജന്യമായി കൊവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്യുമെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനം വിവാദമായതിനു പിന്നാലെ ,രാജ്യത്ത് എല്ലായിടത്തും വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചു തുടങ്ങിയാല്‍ ഉടന്‍ തന്നെ ബിഹാറിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്നായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനം. രാജ്യത്തെ വാക്‌സിന്‍ ഗവേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ ,കൊറോണ വൈറസിനെതിരെ വാക്‌സിന്‍ നല്‍കാമെന്ന് പറഞ്ഞ് ബിജെപി ബിഹാറിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുകയാണന്ന് അശോക് ഗെലോട്ട് ആരോപിച്ചു. ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച സാഹചര്യത്തിലായിരുന്നു അശോക് ഗെലോട്ടിന്റെ പ്രതികരണം.’യാതൊരു കാലതാമസവുമില്ലാതെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. കാരണം ബിഹാറിലെ ജനങ്ങള്‍ക്ക് സൗജന്യവാക്‌സിന്‍ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സ്വാഭാവികമായും, ഇത് രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കിയിട്ടുണ്ട്.’ അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യണമെന്ന് മുന്‍പ് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രമന്ത്രി പ്രതാപ് സാരംഗി എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ വിലയില്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നും വാക്‌സിന്‍ സൗജന്യമായി നല്‍കണോ എന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് അമിത് മാളവ്യയുടെ ട്വീറ്റ്. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിതരണം സൗജന്യമായിരിക്കുമോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close