ന്യൂഡൽഹി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 31 പേർ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതോടെ കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 339 ആയി. ഒരു ദിവസത്തിനിടെ 1211 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1035 പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 10,363 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 2334 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട്. ചെയ്തത്.
മുംബൈ ധാരാവിയിൽ ചൊവ്വാഴ്ച രണ്ടു പേർ കൂടി മരിച്ചു. ആറ് പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ കോവിഡ് ബാധിതരുടെ എണ്ണം 55 ആയി. ഏഴ് പേർ മരിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 378 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 178 രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്. 198 പേരും രോഗമുക്തരായി. രണ്ടു പേർ മരിച്ചു. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതിൽ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി.