ന്യൂഡല്‍ഹി:രാജ്യത്ത് ഇന്ന് കോവിഡ് 19 ബാധിച്ച് ഏഴുപേര്‍ മരിച്ചു. മധ്യപ്രദേശില്‍ മൂന്ന് പേരും രാജസ്ഥാന്‍, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000വും കടന്നു. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 68 ആണ്.മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ഇതു വരെ 490 പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടക ബാഗൽകോട്ടിൽ കൊറോണ സ്ഥിരീകരിച്ചയാളാണ് ഇന്നലെ മരിച്ചത്. ഇതോടെ കർണാടകയിൽ കൊറോണ മരണം നാലായി
ഇന്നലെ മാത്രം 478 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ മാസം അവസാനംവരെ കോവിഡ് ബാധിതരുടെ എണ്ണത്തിലും റിപ്പോർട്ട് ചെയ്യുന്ന മരണത്തിലും വർധനവ് രേഖപ്പെടുത്തുമെന്നാണ് ഐ.സി.എം.ആര്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെ തബ്‌ലിഗ് സമ്മേളനവുമായി ബന്ധപ്പെട്ട കേസുകള്‍ 17 സംസ്ഥാനങ്ങളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. മതസമ്മേളനത്തില്‍ പങ്കെടുത്ത 1,023 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. രാജ്യത്ത് സ്ഥിരീകരിച്ച മുപ്പതുശതമാനം കേസുകള്‍ക്കും ഒരു പ്രത്യേക കേന്ദ്രവുമായി ബന്ധമുണ്ടെന്നും ലവ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.