INDIANEWS

രാജ്യവികസനമില്ല, കര്‍ഷക പ്രക്ഷോഭമില്ല, കോവിഡ് പ്രതിസന്ധിയില്ല, ജനങ്ങളോട് കഥ പറയാന്‍ പറഞ്ഞ് മോദിയുടെ മന്‍ കി ബാത്

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നല്‍ നല്‍കിയത് നാടോടിക്കഥകളാല്‍ സമ്പന്നമായ ഇന്ത്യയുടെ ഭൂതകാലത്തെ കുറിച്ച്. കഥപറച്ചലിന്റെ വലിയ പാരമ്പര്യം രാജ്യത്തിനുണ്ടെന്നും പുതുതലമുറക്ക് കഥകള്‍ പറഞ്ഞുകൊടുക്കണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്തെ കര്‍ഷകരെ വാനോളം പുകഴ്ത്താന്‍ തയാറായ പ്രധാനമന്ത്രി പക്ഷേ, രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ കുറിച്ച് യാതൊന്നും പറഞ്ഞില്ല. മാനവികതയുടെ ചരിത്രത്തോളം പഴക്കമുണ്ട് കഥപറച്ചിലിന്. എവിടെ ഒരു ആത്മാവുണ്ടോ അവിടെ ഒരു കഥയുണ്ട്. ഒരു വ്യക്തിയുടെ സൃഷ്ടിപരവും സംവേദനാത്മകവുമായ വശമാണ് കഥകള്‍ മുന്നിലെത്തിക്കുന്നത്. കഥകള്‍ സംവേദനാത്മകമാണ്. ഒരു വശത്ത് കഥാകാരന്‍, മറുവശത്ത് ശ്രോതാക്കള്‍ അല്ലെങ്കില്‍ വായനക്കാര്‍, മോദി പറഞ്ഞു.

കഥകള്‍ നമ്മെ ചിന്തിപ്പിക്കുന്നു. കുട്ടികളുടെ സര്‍ഗശേഷിയെയും വ്യക്തിത്വത്തെയും രൂപവത്കരിക്കുന്നു. പഞ്ചതന്ത്രത്തിന്റെയും ഹിതോപദേശത്തിന്റെയും ചരിത്രമുള്ളവരാണ് നമ്മള്‍. കഥകളില്‍ മൃഗങ്ങളും പക്ഷികളും നിറഞ്ഞ സാങ്കല്‍പ്പിക ലോകമാണ്. അതിനാല്‍ വിജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും വാക്കുകള്‍ എളുപ്പം മനസിലാക്കാനാകും.കോവിഡ് മഹാമാരിയുടെ കാലത്ത് കുടുംബങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഥകള്‍ക്ക് സാധിക്കും. വൈദേശിക ഭരണത്തിന്റെ കാലം മുതല്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം വരെയുള്ള കഥകള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കണം. 1857നെയും 1947നെയും കുറിച്ച് പറയണം. മോദി പറഞ്ഞു. സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ കര്‍ഷകര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് പറഞ്ഞ മോദി രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തെ കുറിച്ച് മൗനം പാലിച്ചു. നേരത്തെ, കോവിഡിനെ നേരിടാനുള്ള പദ്ധതിയെ കുറിച്ച് ഇന്നെങ്കിലും മോദി സംസാരിക്കുമോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close