
രാഷ്ട്രീയകാര്യ ലേഖകന്‍
തിരുവനന്തപുരം: ധനബില്ലുകള്‍ പാസാക്കാനുദ്ദേശിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 24 ന് സംസ്ഥാന നിയമസഭ ചേരാന്‍ തീരുമാനിക്കുകയും രാജ്യസഭാ തെരഞ്ഞെടുപ്പ് അന്നു നടത്താന്‍ തീരുമാനിക്കുകയും ചെയ്തതോടെ കേരളകോണ്‍ഗ്രസ് മാണിഗ്രൂപ്പിന് വീണ്ടും തലവേദനയായി. നേരത്തെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസിന്റെയും സ്പീക്കര്‍ക്കെതിരായ നീക്കത്തിന്റെയും പശ്ചാത്തലത്തില്‍ കോവിഡ് കാരണം പറഞ്ഞ് വിജ്ഞാപനമിറക്കിയ ശേഷം നിയമസഭാസമ്മേളനം അവസാനനിമിഷം മാറ്റിവച്ചതോടെ ഒഴിഞ്ഞു എന്നു വിചാരിച്ച പ്രതിസന്ധിയാണ് ജോസ് കെ.മാണി വിഭാഗത്തിനു വീണ്ടും പൊല്ലാപ്പാവുന്നത്.
രാജ്യസഭയിലേക്ക് അംഗത്തെ തെരഞ്ഞെടുക്കുന്നത് എംഎല്‍എമാരാണ് എന്നുള്ളതുകൊണ്ടുതന്നെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ശ്രേയംസ്കുമാറിന്റെ വിജയത്തെ പറ്റി ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. എന്നിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് യുഡിഎഫില്‍ നിന്നു പിണങ്ങി നില്ക്കുന്ന കേരളകോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ പ്രതിരോധത്തിലാക്കുന്നു. ചട്ടപ്രകാരം രണ്ടില ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ജോസ് കെ.മാണിക്കൊപ്പമുള്ള ജയരാജ്. റോഷി അഗസ്റ്റിന് എന്നീ സാമാജികര്‍ ഔപചാരികമായി ഇപ്പോഴും യുഡിഎഫിന്റെ ഭാഗമാണ്. മുന്നണിയുടെ വിപ് അംഗീകരിക്കാന്‍ ബാധ്യസ്ഥരുമാണ്. ലാല്‍ കല്പകവാടിയെ സ്ഥാനാര്‍ത്ഥിയാക്കുക വഴി രാജ്യസഭാ വോട്ടെടുപ്പ് ഉറപ്പായ സാഹചര്യത്തില്‍ പി.ജെ.ജോസഫിന്റെ നിര്‍ബന്ധത്തിനുവഴങ്ങി യുഡിഎഫ് വിപ്പ് പുറത്തിറക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അതു ലംഘിച്ച് വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുകയോ എതിര് കക്ഷിക്ക് വോട്ട് ചെയ്യുകയോ ചെയ്താല്‍ തെരഞ്ഞെടുപ്പു ചട്ടപ്രകാരം ജോസ് കെ.മാണി വിഭാഗം സാമാജികര്‍ക്ക് അയോഗ്യതയുണ്ടാവും.
വരുന്ന സഭാസമ്മേളനത്തിലും മുഖ്യമന്ത്രിക്കെതിരായി അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് നോട്ടീസ് നല്കുമെന്നു പറഞ്ഞുകഴിഞ്ഞു. അങ്ങനെവന്നാല്‍ അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിലും ജോസ് കെ.മാണി വിഭാഗം ഇതേ പ്രതിസന്ധി തന്നെ നേരിടും. ഇക്കാര്യം നേരത്തേ മീഡിയമംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.