
ജയ്പൂര്‍: രാജസ്ഥാന് നിയമസഭ സ്പീക്കര്‍ സി പി ജോഷിക്കും നിയമസഭ സെക്രട്ടറിക്കും ബി എസ് പി വിട്ട് കോണ്‍ഗ്രസ്സിലേയ്ക്ക് പോയ ആറ് എംഎല്‍എമാര്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്. ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഓഗസ്റ്റ് 11നകം മറുപടി നല്കാന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ മകന് വൈഭവ് ഗെലോട്ടുമായി സ്പീക്കര്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ വിവാദമായിരുന്നു. 30 എംഎല്‍എമാര്‍ പോയിരുന്നെങ്കില്‍ (സച്ചിന് പൈലറ്റ് ക്യാമ്പിലേക്ക്) സര്‍ക്കാര്‍ വീഴുമായിരുന്നു എന്ന് സ്പീക്കര്‍ പറയുന്നു.
അതേസമയം സ്പീക്കര്‍ക്കെതിരായ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാന ഗതാഗത മന്ത്രി പ്രതാപ് കചരിയാവാസ് രംഗത്തെത്തി. സ്പീക്കര്‍ക്ക് നോട്ടീസ് നല്കാന് കോടതിക്ക് അവകാശമില്ലെന്നും നോട്ടീസ് സ്വീകരിക്കണോ വേണ്ടയോ എന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. രാജസ്ഥാന് നിയസഭയില്‍ ബി എസ് പിക്ക് ആകെയുണ്ടായിരുന്ന എംഎല്‍എമാര്‍ ആറ് പേരും പാര്‍ലമെന്ററി പാര്‍ട്ടിയെ കോണ്‍ഗ്രസ്സില്‍ ലയിപ്പച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സുമായി തെറ്റിയ ബി എസ് പി അധ്യക്ഷ മായാവതി, സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.
ഇതിനിടെ, തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരോട് ജയ്പൂരിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ തന്നെ തുടരാന്‍ ഗെലോട്ട് ആവശ്യപ്പെട്ടു. നിയമസഭ ചേരുന്ന ഓഗസ്റ്റ് 14 വരെ ഇവിടെ തുടരാനാണ് എംഎല്‍എമാരോട് ഗെലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഗെലോട്ടിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാര്‍ക്ക് ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കാനായി സെക്രട്ടറിയേറ്റില്‍ പോകാമെന്ന് ഗെലോട്ട് പറഞ്ഞു. നാല് തവണ ആവശ്യപ്പെട്ടതിന് ശേഷമാണ് ഓഗസ്റ്റ് 14ന് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര സമ്മതിച്ചത്. നോട്ടീസ് നല്കി 21 ദിവസത്തിന് ശേഷമേ നിയമസഭ ചേരാനാകൂ എന്നായിരുന്നു ഗവര്‍ണറുടെ വാദം. നിയമസഭ ചേരാന്‍ സര്‍ക്കാര്‍ ആദ്യ തവണ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത് ജൂലായ് 23നാണ്. ജൂലായ് 31ന് നിയമസഭ വിളിച്ചുചേര്‍ക്കാനാണ് അശോക് ഗെലോട്ടിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച ഗെലോട്ട്, കേന്ദ്രസര്‍ക്കാരിന്റേയും ബിജെപിയുടേയും സമ്മര്‍ദ്ദത്തിലാണ് ഗവര്‍ണര്‍ സഭ വിളിച്ചുചേര്ക്കാത്തതെന്ന് ആരോപിച്ചിരുന്നു. സച്ചിന് പൈലറ്റ് അടക്കമുള്ള 19 വിമത എംഎല്‍എമാര്‍ക്കെതിരായ അയോഗ്യതാ നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്പിക്കീര് സി പി ജോഷി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.