Breaking NewsKERALANEWSTop News

രാഷ്ട്രീയ വൈര്യം തീർക്കാനിറങ്ങിയ പിണറായി വിജയനും എട്ടിന്റെ പണി കൊടുത്ത് സാബു ജേക്കബ്; 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്ന് പിന്മാറുകയാണെന്ന് കിറ്റെക്സ്; സിപിഎം ഇല്ലാതാക്കിയത് 20,000 ത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന പദ്ധതികൾ

കൊച്ചി: വലിയ ആരോപണങ്ങളുമായെത്തിയ കോൺ​ഗ്രസ് നേതാവ് പി ടി ചാക്കോയുടെ നാവടപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനും മുട്ടൻ പണി കൊടുത്ത് കിറ്റെക്സ് മേധാവി സാബു ജേക്കബ്. സംസ്ഥാന സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്ന് കിറ്റെക്‌സ് പിന്‍വാങ്ങുന്നത് സർക്കാരിന്റെ വൈര്യനിര്യാതന ബുദ്ധിയിൽ പ്രതിഷേധിച്ചാണെന്ന് കമ്പനി വ്യക്തമാക്കുന്നു. മൂന്ന് വ്യവസായ പാർക്കുകളും അപ്പാരൽ പാർക്കും തുടങ്ങാനായിരുന്നു കിറ്റെക്സും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണ. എന്നാൽ, കിറ്റെക്സിനെതിരെ സർക്കാർ വകുപ്പുകളെ ഉപയോ​ഗിച്ച് രാഷ്ട്രീയ വൈരാ​ഗ്യം തീർക്കുന്ന സിപിഎം നിലപാടിൽ പ്രതിഷേധിച്ചാണ് കിറ്റെക്സ് ഈ പദ്ധതികളിൽ നിന്നും പിൻമാറിയത്.

പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 20,000 ഓളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതികളാണ് നടപ്പാക്കാനിരുന്നതെന്നും, എന്നാല്‍ ഇപ്പോള്‍ വ്യവസായ അനുകൂല സാഹചര്യമല്ല ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും കിറ്റെക്‌സ് പറയുന്നു. ഇനി പരീക്ഷണം നടത്താന്‍ സാധിക്കാത്തതിനാല്‍ പദ്ധതികളില്‍നിന്ന് പിന്നോട്ടു പോകുകയാണെന്നും കിറ്റെക്സിന്റെ പ്രസ്താവനയില്‍ പറയുന്നു.

അനാവശ്യമായി പരിശോധനകള്‍ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കിറ്റെക്‌സ് ആരോപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തൊഴില്‍ വകുപ്പ് ഉള്‍പ്പെടെ പല വകുപ്പുകളുടെയും പരിശോധനകള്‍ നടന്നിരുന്നു. ഒരു മാസത്തിനിടയില്‍ 11 പരിശോധനകള്‍ നടന്നു എന്നാണ് കിറ്റെക്‌സിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്ന നടപടിയാണിതെന്നും കിറ്റെക്‌സ് ആരോപിക്കുന്നു.

സര്‍ക്കാരിന്റെ ഈ സമീപനം മൂലം വികസനപദ്ധതികളുമായി കമ്പനി മുന്നോട്ടുപോകുന്നില്ലെന്ന് കിറ്റെക്‌സ് പറയുന്നു. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തില്‍ വെച്ചാണ് കിറ്റെക്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഒരു അപ്പാരല്‍ പാര്‍ക്ക്, മൂന്ന് മറ്റു വ്യവസായ പാര്‍ക്കുകള്‍ എന്നിവ സംസ്ഥാനത്ത് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളായിരുന്നു ധാരണാപത്രത്തില്‍ ഉണ്ടായിരുന്നത്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ആദ്യമാസം തന്നെ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോ​ഗസ്ഥരാണ് കിറ്റെക്സിൽ പരിശോധനക്കെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി 20 നേടിയ അമ്പരപ്പിക്കുന്ന വിജയവും നിയമസഭാ തെരഞ്ഞെടുപ്പിലുയർത്തിയ വെല്ലുവിളിയുമാണ് കിറ്റെക്സിനെയും സാബു ജേക്കബിനെയും സിപിഎമ്മിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്.

എറണാകുളം ജില്ലയിലെ ആലുവ, കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ തവണ അത്ഭുതം സൃഷ്ടിച്ച് ഭരണം നേടിയ ട്വന്റി ട്വന്റി ശ്രദ്ധേയ പ്രകടനവുമായി 2020ൽ ഏവരേയും ഞെട്ടിച്ചു. കിഴക്കമ്പലം ഉൾപ്പെടെ നാല് പഞ്ചായത്തുകളിലെ ഭരണമാണ് അവർ ഇത്തവണ പിടിച്ചത്. എൽ.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികൾ ഒരുമിച്ച് മത്സരിക്കുകപോലും ചെയ്തിട്ടും കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയെ ഒന്നും ചെയ്യനായില്ലെന്നത് സിപിഎമ്മിനെ തെല്ലൊന്നുമല്ല വിളറി പിടിപ്പിച്ചത്. ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷ രഹിത ഭരണസമിതിയായാണ് ട്വന്റി 20 അധികാരം നേടിയത്. കുന്നത്തുനാട്, മുഴുവന്നൂർ പഞ്ചായത്തുകളിലും ട്വന്റി ട്വന്റി ഭൂരിപക്ഷം നേടിയിരുന്നു.

എട്ടു സീറ്റുകളിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 മത്സരിച്ചത്. വിജയിക്കാനായില്ലെങ്കിലും ഇടത് – വലത് മുന്നണികൾക്ക് വലിയ വെല്ലുവിളിയാണ് ഈ മണ്ഡലങ്ങളിൽ ട്വന്റി – 20 സ്ഥാനാർത്ഥികൾ ഉയർത്തിയത്. എറണാകുളം ജില്ലയിൽ മൽസരിച്ച എട്ടിൽ ആറ് മണ്ഡലങ്ങളിലും ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തി. കുന്നത്തുനാട്, കൊച്ചി,കോതമംഗലം,പെരുമ്പാവൂർ,വൈപ്പിൻ,മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തിയത്. എറണാകുളത്തും,തൃക്കാക്കരയിലും നാലാം സ്ഥാനം മാത്രമേ ലഭിച്ചുള്ളു. എന്നാൽ, ട്വന്റി 20 യുടെ വളർച്ച ഇനിയും തടഞ്ഞില്ലെങ്കിൽ‌ തങ്ങൾക്ക് ഭാവിയിൽ വലിയ ഭീഷണിയാകും പാർട്ടി ഉയർത്തുക എന്ന തിരിച്ചറിവിലാണ് സിപിഎം. അതിന്റെ ഭാ​ഗമായാണ് കിറ്റെക്സിൽ നടക്കുന്ന റെയ്ഡുകൾ.

പരിശോധനകൾ തൊഴിലാളി ക്ഷേമത്തിന്റെ പേരിൽ

തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ എന്ന നിലയിലാണ് കിറ്റെക്സിൽ ഉദ്യോ​ഗസ്ഥർ പരിശോധനക്ക് എത്തുന്നത്. കിറ്റക്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെ അവസ്ഥ ശോചനീയമെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ലേബർ ഓഫീസർമാരും ആരോഗ്യവകുപ്പ് സംഘവും പ്രദേശത്ത് പരിശോധന നടത്തി. കിറ്റെക്സ് ഗാർമെന്റ്സിലെ തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലെ വൃത്തിഹീനവും അനാരോഗ്യകരമായ ചുറ്റുപാടുകളെ കുറിച്ച് ജില്ലാ കലക്ടർക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും ദുരന്ത നിവാരണ അഥോറിറ്റിക്കും ലേബർ കമ്മീഷണർക്കും ജില്ലാ തൊഴിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചതായും വാർത്തകൾ വന്നു.

പൊട്ടിത്തെറിച്ച് സാബു ജേക്കബ്

കിറ്റക്‌സ് കമ്പനിയിൽ തുടർച്ചയായി നടക്കുന്ന റെയ്ഡുകൾക്കെതിരെ പൊട്ടിത്തെറിച്ച് എംഡിയും ട്വന്റി -20 കോർഡിനേറ്ററുമായ സാബു ജേക്കബ് രം​ഗത്ത് വന്നിരുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റക്‌സിൽ പരിശോധനയ്ക്ക് എത്തിയത്. ആർക്കും നെഞ്ചത്ത് കയറി നിരങ്ങാവുന്ന ഒരു വർഗ്ഗമാണല്ലോ വ്യവസായികളെന്ന് കേരളത്തിലെ തൊഴിൽ അന്തരീക്ഷത്തെ വിമർശിച്ച് സാബു ജേക്കബ് പറഞ്ഞു.

15,000 പേർക്ക് തൊഴിൽ നൽകുന്നുവെന്നതാണ് തങ്ങൾ ചെയ്ത കുറ്റമെന്ന് സാബു ജേക്കബ് പ്രസ്താവനയിൽ പറഞ്ഞു. ഇങ്ങനെയൊരാളെ വെറുതെ വിടരുത്, അകത്തിടണം, പൂട്ടിക്കണം എന്നതാണ് ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും മനോഭാവമെന്നും അദ്ദേഹം വിമർശിച്ചു. എന്തുകൊണ്ട് കിറ്റക്‌സിൽ മാത്രം പരിശോധന എന്നതാണ് ചോദ്യം. നിയമം എല്ലാവർക്കും ഒരുപോലെയല്ലേ വേണ്ടത്?

കിറ്റക്‌സിലെ തൊഴിലാളികൾ രാത്രി ഉറങ്ങിയോ, ബ്രേക്ഫാസ്റ്റിന് മുട്ട ഉണ്ടായിരുന്നോ, മുട്ടയ്ക്ക് ഉപ്പുണ്ടായിരുന്നോ എന്നൊക്കെ അന്വേഷിക്കലും അത് സോഷ്യൽ മീഡിയയിൽ തട്ടിവിടലും മാത്രമാണ് ചിലർക്ക് പണിയെന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തി. ഈ കുറ്റം പറയുന്നവർ ആരെങ്കിലും, സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് ആർക്കെങ്കിലും ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ടോ എന്നും മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലം തിന്നു ജീവിക്കുന്നതല്ലാതെ ഒരാൾക്കെങ്കിലും ഒരുദിവസത്തെ ജോലി കൊടുത്തിട്ടുണ്ടോ എന്നും സാബു ജേക്കബ് ചോദിച്ചു. ആർക്കും ഒരുപ്രയോജനവുമില്ലാത്ത പാഴ് ജന്മങ്ങൾ..ഇതാണ് കേരളത്തിന്റെ ശാപമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കിറ്റക്‌സ് ഫാക്ടറിയിൽ തൊഴിലാളികൾക്ക് കൊടുക്കുന്ന സൗകര്യങ്ങൾ പോരെന്ന് പറയുന്നവർ ഒരെണ്ണം തുടങ്ങി കാണിക്കട്ടെ എന്നും സാബു ജേക്കബ് വെല്ലുവിളിച്ചു. ഒരുവ്യവസായം തുടങ്ങി 10 പേർക്കെങ്കിലും തൊഴിലും താമസവും ഭക്ഷണവും ശമ്പളവും ഒക്കെ കൊടുത്ത് നടത്തി കാണിച്ചിട്ടാവാം വാചകമടി.

25 ലക്ഷം മലയാളികൾ ആണ് ഇതരസംസ്ഥാനങ്ങളിൽ പോയി തൊഴിലെടുക്കുന്നതെന്നും ജീവിക്കണം എന്നുണ്ടെങ്കിൽ മലയാളിക്ക് ഇതരസംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ പോയി തൊഴിലെടുക്കേണ്ട ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. എംആർഎഫും സിന്തൈറ്റും, വി-ഗാർഡ് തുടങ്ങിയ വൻകിട കമ്പനികൾ എന്തുകൊണ്ട് കേരളം വിട്ടുപോയി എന്നും സാബു ജേക്കബ് ചോദിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളിൽ മാത്രം 38 ലക്ഷത്തിലധികം മലയാളികൾ ജോലി ചെയ്യുന്നു. ഇതുകൊണ്ട് ആർക്കാണ് നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ആരും ഒട്ടും ആശ കൈവിടരുതെന്നും ഒത്തൊരുമിച്ച് ഉത്സാഹിച്ചാൽ ഒരുവ്യവസായ സ്ഥാപനവും ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ നമുക്ക് മാറ്റാം, മാറ്റണം എന്ന പരിഹാസത്തോടെയാണ് സാബു ജേക്കബ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close