KERALANEWS

രാഷ്ട്രീയ വൈര്യം പഴങ്കഥ, മാതൃകയാകുന്നു പാട്യം ജനകീയ സമതിയുടെ ഒത്തൊരുമ

കണ്ണൂര്‍: ഒരു കാലത്ത് കൈയില്‍ ബോംബുമായി ഒരുപുഴയുടെ ഇരുകരകളില്‍ നിന്നും കൊലവിളി നടത്തിയവര്‍ ഒന്നിച്ചു. എന്തിനാണെന്നറിയേണ്ടേ, ബസ് വാങ്ങാന്‍. അതും മലയാളസിനിമയിലെ ഏറ്റവും മികച്ച ബസ് കഥ വരവേല്‍പ്പെന്ന സിനിമയിലൂടെ പറഞ്ഞ ചലച്ചിത്രകാരന്‍ ശ്രീനിവാസന്റെ നാട്ടില്‍ നിന്നും. കണ്ണൂരിലെ ബോംബു രാഷ്ട്രീയത്തെകുറിച്ചു ശ്രീനിവാസന്റെ ചില സിനിമകളിലൊക്കെ പറഞ്ഞിട്ടുണ്ട്. ചോരയില്‍ ചവുട്ടി വളരുന്ന നേതാക്കളെ കുറിച്ചു പൊട്ടിത്തെറിച്ചിട്ടുണ്ട്. ഗള്‍ഫ് മോട്ടോഴ്സ് തുടങ്ങി പൊട്ടിയ കഥാനായകന്റെ കഥയെഴുതിയ ശ്രീനിവാസന്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല കഥയില്‍ ട്വിസ്റ്റടിച്ചു തന്റെ നാടും നാട്ടുകാരും നാണയതുട്ടും സ്വരൂപിച്ചു സ്വന്തമായി ഒരു ബസ് വാങ്ങുമെന്ന്.

ഒരു കാലത്ത് കൊലക്കത്തി രാഷ്ട്രീയം ആളിക്കത്തിയ സ്ഥലങ്ങളിലൊന്നായിരുന്നു പാട്യം പഞ്ചായത്ത്. സിപിഎം-ആര്‍എസ്എസ് ശക്തി കേന്ദ്രങ്ങള്‍ നേര്‍ക്കുനേരെ യുദ്ധം ചെയ്തിരുന്ന കാലം. പാട്യത്തെ കൊട്ടിയോടി, ഓട്ടച്ചിമാക്കൂല്‍, കാര്യാട്ട്പുറം തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഎം ശക്തി കേന്ദ്രമായി നിന്നപ്പോള്‍ പത്തായക്കുന്ന്, കൊങ്കച്ചി, ചെറുവാഞ്ചേരി ഭാഗങ്ങള്‍ പരിവാറുകാരുടെ കൈയ്യിലായി. ഇതില്‍ രാഷ്ട്രീയ എതിരാളികള്‍ക്കു പ്രവേശനമില്ലാത്ത കൊങ്കിച്ചിയിലാണ് ഒരുകാലത്ത് സ്ഥിരം ബോംബ് സ്ഫോടനം നടന്നിരുന്നത്. ഒരുപുഴയുടെ അപ്പുറവും ഇപ്പുറവും നിന്ന് ഇരുപാര്‍ട്ടികളില്‍പ്പെട്ടവര്‍ കൈയിലെ ബോംബുയര്‍ത്തി കാട്ടി ഭീഷണിപ്പെടുത്തുന്നത് വെല്ലുവിളിക്കുന്നത് പതിവായിരുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി യാത്രാദുരിതം കൊണ്ടു പൊറുതിമുട്ടുന്നവരാണ് പാട്യം കോങ്ങാറ്റയിലെ ജനങ്ങള്‍. രണ്ടുകിലോമീറ്റര്‍ നടന്നുവന്ന് പത്തായക്കുന്ന് വന്നാലെ ഇവര്‍ക്ക് ബസ് കിട്ടുമായിരുന്നുള്ളൂ. പലപ്പോഴും അന്‍പതുരൂപയിലേറെ ഓട്ടോക്കാശു നല്‍കിയാണ് ശാരീരിക അവശതയുള്ളവര്‍ പത്തായക്കുന്നിലേക്ക് പോയിരുന്നത്. പ്രായമുള്ളവരും സ്ത്രീകളും വിദ്യാര്‍ത്ഥികളും ഇതിനാല്‍ വലിയ ദുരിതമാണ് അനുഭവിച്ചിരുന്നത്. പത്തുവര്‍ഷം മുന്‍പ് ഇതിലൂടെ ഒരു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കാരണം കോര്‍പറേഷന്‍ തന്നെ റൂട്ടുനിര്‍ത്തി.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പുതിയ അധ്യായം എഴുതി ചേര്‍ക്കുകയാണ് പാട്യം ജനകീയം ബസ്. പാട്യത്തെ മൂന്ന് വാര്‍ഡിലുള്ളവര്‍ ചേര്‍ന്നാണ് ബസ് വാങ്ങിയത്. ഇതില്‍ രണ്ടുവാര്‍ഡുകളില്‍ സിപി. എമ്മിന്റെയും ഒരു വാര്‍ഡില്‍ ബിജെപിയുടെയും അംഗങ്ങളാണുള്ളത്. എന്നാല്‍ ജനങ്ങളുടെ യാത്രാക്ലേശത്തിന് അറുതിവരുത്താന്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കാന്‍ ഇവര്‍ക്ക് തടസമായില്ല. ഇതിനായി 26 ലക്ഷം രൂപയാണ് പിരിച്ചത്. നാട്ടിലെ ഓരോരുത്തരും 2500 രൂപവീതം പിരിച്ചെടുത്തു .26 ലക്ഷം രൂപയാണ് ഇങ്ങനെ കിട്ടിയത്. ഇതില്‍ 16ലക്ഷം രൂപ നല്‍കി അശോക് ലൈലാന്റിന്റെ പുതിയ ചേസിസ് വാങ്ങി. ചെന്നൈയിലെ കമ്പനിയില്‍ നിന്നും എട്ടുലക്ഷം നല്‍കി ബോഡി നിര്‍മിച്ചു. ഇതിനു ശേഷം സര്‍വീസ് തുടങ്ങാന്‍ ആര്‍ടിഒയെ സമീപിച്ചപ്പോള്‍ ഉടക്കുമായി ചില സ്വകാര്യബസുടമകള്‍ രംഗത്തു വന്നു. ഇതോടെ ഹൈക്കോടതിയെ സമീപിച്ചു. നാട്ടുകാര്‍ റൂട്ടിനുള്ള അനുമതി വാങ്ങി. ഇപ്പോള്‍ 2025 വരെ ഹൈക്കോടതി പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം അഞ്ചുസര്‍വീസാണ് പാട്യം ജനകീയം നടത്തുക. പാട്യത്തു നിന്നു പത്തായക്കുന്ന് വഴി തലശേരിയിലേക്കാണ് സര്‍വീസ്. ഡ്രൈവറും കണ്ടക്ടറും ക്ലീനറുമുള്‍പ്പെടെ മൂന്നുപേരാണ് ജീവനക്കാര്‍. ജനകീയ കൂട്ടായ്മയില്‍ തുടങ്ങിയ ഈ സംരഭം വിജയിക്കുമെന്ന ഉത്തമവിശ്വാസത്തിലാണ് നാട്ടുകാര്‍. ശ്രീനിയുടെ വരവേല്‍പ്പിന്റെ മുപ്പതാംവര്‍ഷത്തില്‍ പാട്യം ജനകീയത്തിനെ വരവേല്‍ക്കുകയാണ് നാട്ടുകാര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close