
ബല്ലിയ: മാതാപിതാക്കള്‍ തങ്ങളുടെ പെണ്മക്കളില് സംസ്കാരവും നല്ല മൂല്യങ്ങളും വളര്‍ത്തിയാല്‍ മാത്രമേ ബലാത്സംഗങ്ങള്‍ തടയാന്‍ കഴിയുകയുള്ളൂയെന്ന വിവാദ പ്രസ്താവനക്ക് പിറകെ, ഹാഥറസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശ് ബല്ലിയയിലെ ബെയ്രിയ എം.എല്‍.എ സുരേന്ദ്ര സിങ്ങാണ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് വിദേശീയരുടെ മാനസികാവസ്ഥയാണെന്നും അദ്ദേഹത്തിന് ഇന്ത്യന്‍ സംസ്കാരത്തെ കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് സുരേന്ദ്ര സിങ്ങിന്റെ പുതിയ വാദം.ദ്വന്ദ വ്യക്തിത്വവും വിദേശ മാനസികാവസ്ഥയുമുള്ള വ്യക്തിയാണ് രാഹുല്‍. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരറിവുമില്ല. ദേശീയവാദികളില്‍ നിന്ന് ട്യൂഷന് എടുക്കുകയാണെങ്കില്‍ ദേശീയതയുടെ നിര്‍വചനം അദ്ദേഹത്തിന് മനസ്സിലാകും. രാജ്യത്തെ സംസ്കാരത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല- സുരേന്ദ്ര സിങ് പി.ടി.ഐ വാര്‍ത്താ ഏജന്സജിയോട് പറഞ്ഞു.ഹാഥറസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രയില്‍ രാഹുലിന്റെയും പ്രിയങ്കയുടെയും ദ്വന്ദവ്യക്തിത്വം വ്യക്തമായതാണ്. യാത്രക്കിടെ അവര്‍ ചിരിക്കുമ്പോള്‍, അവര്‍ വീടുകളിലെത്തുമ്പോള്‍ കണ്ണുനീര് ഒഴുക്കുന്നു- സുരേന്ദ്ര സിങ് പറഞ്ഞു.ശനിയാഴ്ച വൈകീട്ടാണ് രാഹുലും പ്രിയങ്കയും ഹാഥറസിലെത്തി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.ഹാഥറസ് സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം അലയടിക്കുമ്പോള്‍ പെണ്‍കുട്ടികളെ സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കാത്തതാണ് ബലാത്സംഗത്തിനും മറ്റും കാരണമെന്നും നല്ല മൂല്യങ്ങള്‍ പകര്‍ന്നു നല്കിയാല് മാത്രമേ ഇത്തരം സംഭവങ്ങള്‍ അവസാനിക്കുകയുള്ളൂ എന്നുമുള്ള സുരേന്ദ്ര സിങ്ങിന്റെ പ്രസ്താവന വിവാദമായിരുന്നു.