KERALANEWS

രാഹുൽ ഗാന്ധി യാഥാർഥ്യമറിയാതെ കോമാളിയാകരുത്: വി മുരളീധരൻ

കോഴിക്കോട്‌:സ്വന്തം മണ്ഡലത്തിലെ കർഷകരെ മറന്ന രാഹുൽ ഗാന്ധിയാണ് രാജ്യത്തെ കർഷകരെക്കുറിച്ച് കണ്ണീരൊഴുക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. വയനാടുപോലെ കാർഷിക പ്രാധാന്യമുളള മേഖലയിൽ എം പിയായി വന്നിട്ട് കർഷകർക്കായി എന്തുചെയ്തുവെന്ന് രാഹുൽ ഗാന്ധി ആദ്യം വ്യക്തമാക്കണം. യാഥാർഥ്യത്തിൽ നിന്ന് അകന്നുനിന്ന് സ്വപ്നലോകത്തിരുന്ന് എന്തൊക്കെയോ പുലമ്പുകയാണ് രാഹുൽ ഗാന്ധി. ഇടനിലക്കാരിൽ നിന്ന് കർഷകരെ സ്വതന്ത്രരാക്കുന്ന കാർഷിക ബില്ലിനെ എതിർക്കുന്നത് വഴി വയനാട്ടിലെ കർഷകരെക്കൂടിയാണ് രാഹുൽ ഗാന്ധി ചതിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെട്ട കോൺഗ്രസ് നിരാശ മൂത്ത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്നും വി.മുരളീധരൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ പരമ്പരാഗതമായി തുടരുന്ന കാർഷിക വിപണന മാതൃക രാജ്യവ്യാപകമാക്കുന്നതിനെ സിപിഎം എന്തിനാണ് എതിർക്കുന്നത് ? എ പി എം സി നിയമം പ്രസക്തമല്ലാത്ത കേരളത്തിൽ, ഇവിടെ നിന്നുളള സിപിഎം എംപിമാർ പാർലമെന്റിനകത്തും പുറത്തും കാട്ടിയ സമരപ്പേക്കൂത്ത് ഏത് ഇടനിലക്കാരന്റെ തിരക്കഥയാണ്? ലൈഫ് മിഷൻ ഇടപാടിലും സ്വർണക്കളളക്കടത്തിലും അടക്കം കേരളത്തിലെ ഇടതുസർക്കാരിന്റെ ഇടനിലക്കൊയ്ത്ത് പുറത്തുവന്നപ്പോൾ പൊതു സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുളള ആസൂത്രിത തന്ത്രമാണ് ഇപ്പോഴത്തെ പ്രക്ഷോഭമെന്നും വി.മുരളീധരൻ പറഞ്ഞു. മുഖംമൂടികൾ ഒന്നൊന്നായി അഴിഞ്ഞുവീണതോടെ മുഖം നഷ്ടപ്പെട്ട സിപിഎം അവസാന കച്ചിത്തുരുമ്പെന്ന നിലയിൽ കപട കർഷക സ്നേഹവുമായി ഇറങ്ങിയിരിക്കുകയാണെന്ന് ജനം തിരിച്ചറിഞ്ഞെന്നും മന്ത്രി പറഞ്ഞു.

കർഷകരുടെ താൽപര്യം സംരക്ഷിക്കാൻ പ്രതി‍ജ്ഞാ ബദ്ധമാണ് നരേന്ദ്ര മോദി സർക്കാർ. കർഷകരുടെ അധ്വാനത്തിന് അവരർഹിക്കുന്ന പ്രതിഫലം ഉറപ്പാക്കാനാണ് കാർഷിക മേഖലയിലെ പരിഷ്കാരങ്ങൾ. കൃഷിയിൽ നിന്ന് അകന്നുപോകുന്ന യുവതലമുറയെ അതിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മോദി സർക്കാർ മാറ്റങ്ങൾ അവതരിപ്പിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടങ്ങൾ കർഷകന് കിട്ടേണ്ട ലാഭത്തെ യാതൊരു തരത്തിലും ബാധിക്കില്ല എന്നുറപ്പാക്കുകയാണ് ഈ നിയമത്തിന്റെെ കാതൽ. ഇതുവഴി സംസ്ഥാനത്തിനകത്തോ പുറത്തോ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കർഷകർക്കാകും. കൃത്യസമയത്ത് ഉത്പന്നത്തിന്റെ വില കർഷകന്റെ കൈയ്യിൽ എത്തുന്നു എന്നത് മാത്രമല്ല ഏറ്റവും പുതിയ സാങ്കേതിക വിദ്യ, മികച്ച വിത്തുകൾ ഇവയൊക്കെ ലഭിക്കാനുളള സൗകര്യം കൂടി പുതിയ സമ്പ്രദായം വഴി കിട്ടുകയാണ്.
ആറുപതിറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രിന് ഇല്ലാതെ പോയ രാഷ്ട്രീയ ഇച്ഛാശക്തി ആറുവർഷത്തിനിടെ നരേന്ദ്ര മോദി സർക്കാർ കാട്ടിയതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. യുപിഎ കാലത്ത് ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർ എ പി എം സി നിയമം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടവരാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തിയവർ പിന്നീടെന്തേ മലക്കം മറിഞ്ഞു ? എ പി എം സികളെ നിലനിർത്തിക്കൊണ്ടുതന്നെ കർഷകന് പ്രാധാന്യം കിട്ടുന്ന വിധം വിപണിയെ കൊണ്ടുവന്നു എന്നുളളതാണ് ഇപ്പോഴത്തെ പരിഷ്കാരത്തിന്റെ മെച്ചമെന്നും വി.മുരളീധരൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close