KERALANEWS

രോഗികള്‍ പെരുകുന്നു,ചികിത്സ ആരംഭിക്കാന്‍ സാധിക്കാതെ ടാറ്റയുടെ കണ്‍ടെയ്നര്‍ ആശുപത്രി

കണ്ണൂര്‍: കോവിഡ് രോഗം പടരുന്ന ഘട്ടത്തില്‍ ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതല്‍ മുടക്കി കോവിഡ് ആശുപത്രിക്കായി റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ച് സംസ്ഥാന സര്‍ക്കാരിന് കൈമാറിയെങ്കിലും ഇനിയും ചികിത്സ ആരംഭിക്കാന്‍ സാധിക്കാത്തത് നിരവധി കോവിഡ് രോഗികള്‍ക്ക് വിദ്ഗദ ചികിത്സ ലഭിക്കുന്നില്ല. നിലവില്‍ കാസര്‍ഗോഡ് സര്‍ക്കാര്‍ ആശുപത്രികളിലെ വെന്റിലേറ്ററുകളും, ഐ സി യു കളും പ്രവര്‍ത്തനരഹിതമാണ്.കോവിഡ് മരണവും വ്യാപനവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതുമൂലം ആതുരരംഗം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. എന്നാല്‍ ടാറ്റ ആശുപത്രിയുടെ വരവോട് കൂടി ഇതിന് പരിഹാരം ഉണ്ടാക്കുമെന്നാണ് കരുതിയത്. ഒന്നര മാസം കൊണ്ട് ആശുപത്രി സജമാകുമെന്നാണ് കാസര്‍ഗോഡ് കളക്ടര്‍ അറിയിച്ചിരുന്നത്. നിര്‍മ്മാണം പോലും ഒന്നര മാസം കൊണ്ട് പൂര്‍ത്തിയായിട്ടില്ല.നിര്‍മ്മാണം പൂര്‍ത്തികരിച്ച് സര്‍ക്കാറിന് ആശുപത്രി കൈമാറിയെങ്കിലും ജീവനക്കാരുടെ തസ്തിക ഇല്ലാത്തതായിരുന്നു അടുത്ത പ്രശ്നം. എന്നാല്‍ അതിന് പരിഹാരമായി ആശുപത്രിയിലേക്ക് 191 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിക്കുകയും സൃഷ്ടിക്കുന്ന തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക/ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കുവാനും തിരുമാനമെടുത്തുവെങ്കിലും രണ്ടാഴ്ചയായിട്ടും തുടര്‍നടപടികള്‍ ഒന്നുമായിട്ടില്ല. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തിയാല്‍ നിലവില്‍ തന്നെ ജീവനക്കാരുടെ കുറവ് മൂലം പൊറുതി മുട്ടുന്ന പല ആശുപത്രികളുടെയും പ്രവര്‍ത്തനം താളം തെറ്റുമെന്ന് ചൂണ്ടികാട്ടപ്പെടുന്നു.

കാസര്‍ഗോഡിന്റെ മുഖം മാറ്റുമെന്ന് പറഞ്ഞ് ഇരു മുന്നണികളും ഏറ്റെടുത്ത് തുറന്ന ഉക്കിനടുക്ക മെഡിക്കല്‍ ആശുപത്രി പൂര്‍ണ രൂപത്തില്‍ ആരംഭിക്കാത്തത് ജില്ലയിലെ എന്‍ഡോ സള്‍ഫാന്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള രോഗികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് കാസര്‍ഗോഡ് ജില്ലയെ കാലാകാലങ്ങളായി അവഗണിച്ചു വരികയാണ്. അതിന്റെ തുടര്‍ച്ചയാണ് നിയമിച്ച ഡോക്ടര്‍മാരെയും ജൂനിയര്‍ ഡോക്ടര്‍മാരെയും സ്ഥലം മാറ്റിയതെന്ന് പ്രതിപക്ഷവും ബി.ജെ.പിയും ആരോപിക്കുന്നു.. ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന് ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയ പുതിയ ആശുപത്രി കോവിഡിന് ശേഷം എന്തു ചെയ്യുമെന്ന കാര്യത്തിലും സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും ഇനിയും ധാരണയില്ല. 30 വര്‍ഷത്തെ ആയുസ്സ് മാത്രമുള്ള കണ്‍ടെയ്നര്‍ ആശുപത്രിയാണ് ടാറ്റ കാസര്‍ഗോഡ് നിര്‍മ്മിച്ചത്. കോവിഡ് കാലത്ത് പോലും ഇത് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ രത്തന്‍ ടാറ്റയുടെ ആതുര സേവനമെന്ന സ്വപ്നമാണ് സഫലമാകാതെ പോകുന്നത്. കാസര്‍ഗോഡ് ജില്ലക്കാര്‍ ചികിത്സ തേടിയെത്തുന്ന പരിയാരം മെഡിക്കല്‍ കോളജിലും നിലവില്‍ രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല.ഡയാലിസിസ് രോഗികള്‍ അടക്കം ഏറെ ബുദ്ധിമുട്ടുകയാണ്. നിലവില്‍ കാസര്‍ഗോഡ് ടാറ്റാ നിര്‍മ്മിച്ചു നല്‍കിയ ആശുപത്രി ഉപയുക്തമാക്കുക എന്നത് മാത്രമാണ് പോംവഴി.

ടാറ്റ ആശുപത്രിയില്‍ താത്കാലിക നിയമനം നടത്താനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധവുമായി സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് റാങ്ക് ഹോള്‍ഡേഴ്സ് രംഗത്തിറങ്ങയിട്ടുണ്ട്. കോവിഡ് കാലത്തെങ്കിലും ഞങ്ങളെ രക്ഷിക്കണമെന്ന അപേക്ഷയുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. പുതിയ ഒഴിവുകള്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം.റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒന്‍പത് മാസം മാത്രം ശേഷിക്കെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് രാപകല്‍ കഷ്ടപ്പെട്ട് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഉദ്യോഗാര്‍ഥികളെ കണ്ണീരിലാഴ്ത്തുകയാണ് ചെയ്യുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അടുത്ത വര്‍ഷം ജൂണോടുകൂടി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിനോട് ഇവര്‍ കേഴുന്നത്. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ പ്രൊപ്പോസല്‍ പ്രകാരം ടാറ്റാ ആശുപത്രിക്കായി 191 തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇതുപ്രകാരം ഏറ്റവും കൂടുതല്‍ നിയമനം നടക്കുക സ്റ്റാഫ് നഴ്സ് തസ്തികയിലേക്കാണ്. സ്റ്റാഫ് നഴ്സ് ഗ്രേഡ് 1, ഗ്രേഡ് 2 എന്നിവര്‍ക്കായി 30 വീതം തസ്തികകള്‍ ഉത്തരവിലുണ്ട്. സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ടിന്റെ 30 പേരെയാണ് കൊവിഡ് ആശുപത്രിയില്‍ നിയമിക്കാന്‍ പോകുന്നത്.2018 ജൂലൈയില്‍ പുറത്തുവന്ന കാസര്‍ഗോഡ് ജില്ലയിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റില്‍ 426 പേരാണ് ഉള്ളത്. ഇതില്‍ 210 പേര്‍ മെയിന്‍ ലിസ്റ്റിലുള്ളവരാണ്. ഇതുവരെ 28 പേര്‍ക്കു മാത്രമാണ് റാങ്ക് ലിസ്റ്റില്‍ നിന്ന് ജോലി ലഭിച്ചത്.ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഈ തസ്തികയില്‍ നിരവധി ഒഴിവുകളുണ്ടായിട്ടും റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിക്കാത്തതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. അതിനിടെയാണ് ഉദ്യോഗാര്‍ഥികള്‍ ഏറെ പ്രതീക്ഷവെച്ചു പുലര്‍ത്തിയ ടാറ്റ ആശുപത്രിയിലും സര്‍ക്കാര്‍ താത്കാലിക നിയമനത്തിനൊരുങ്ങുന്നത്. 27800-59400 ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് ഉടന്‍ നിയമനം നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തവിലുള്ളത്.സാമ്പത്തിക പ്രതിസന്ധി കാരണമാണ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിക്കാത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇപ്പോഴത്തെ താത്കാലിക നിയമനത്തിനുള്ള ഉത്തരവില്‍ പറയുന്നത് സ്ഥിര ജീവനക്കാര്‍ക്കുള്ള അതേ ശമ്പളമാണെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ടാറ്റാ ഗ്രൂപ്പ് അവരുടെ സാമൂഹിക പ്രതിബദ്ധതാ നിധിയില്‍ നിന്ന് തുക ചെലവഴിച്ചാണ് കാസര്‍ഗോഡ് ആശുപത്രി നിര്‍മ്മിച്ച് സര്‍ക്കാരിനു കൈമാറിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close