
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിച്ചു. കൊവിഡ് നോഡൽ ഓഫീസർ ഡോക്ടർ അരുണയുടെയും നഴ്സുമാരായ ലീന കുഞ്ചൻ, രജനി എന്നിവരുടെയും സസ്പെൻഷനാണ് പിൻവലിച്ചത്. എന്നാൽ ഇവർക്ക് എതിരെയുടെ വകുപ്പ് തല അന്വേഷണം തുടരും.
കഴിഞ്ഞ ദിവസം ഡോക്ടർമാരുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഒപി ബഹിഷ്കരണവും റിലേ സത്യാഗ്രഹവും ഡോക്ടർമാർ പിൻവലിച്ചു. സമരം പിൻവലിച്ചെന്ന് കെജിഎംസിടിഎ വ്യക്തമാക്കിയിരുന്നു. ലോകത്തിന് തന്നെ മാതൃകയാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പും പ്രവർത്തകരുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എല്ലാവരും ചെയ്യുന്നത് മഹാത്യാഗമാണെന്നും ഇരട്ടി ജോലിയാണ് എല്ലാവരും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.