KERALANEWS

റംസിയുടെ മരണം, ഹാരിസിന് ജാമ്യം നല്‍കില്ല

കൊല്ലം: വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്‍മാറിയതില്‍ മനംനൊന്ത് കൊട്ടിയം സ്വദേശിയായ റംസി ( 24) ആത്മഹത്യ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹാരീസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വിവാഹത്തില്‍ നിന്ന് പൊടുന്നനെ ഹാരീസ് പിന്‍മാറിയതില്‍ മനംനൊന്ത് റംസി ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് കേസ്. ജാമ്യാപേക്ഷയില്‍ ബുധനാഴ്ച പ്രോസിക്യൂഷന്റെയും ഹാരിസിന്റെയും വാദങ്ങള്‍ കേട്ട ശേഷം വെള്ളിയാഴ്ചയാണ് കോടതി ജാമ്യം നിഷേധിച്ചത്.

ഹാരിസിന് ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കേസിലെ മറ്റ് പ്രതികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുക ആയിരുന്നു.രണ്ട് മാസം മുമ്പായിരുന്നു വീട്ടിലെ കിടപ്പുമുറിയില്‍ റംസി തൂങ്ങി മരിച്ചത്. കേസ് ആദ്യം അന്വേഷിച്ച കൊട്ടിയം ലോക്കല്‍ പോലീസാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ഹാരീസിനെ അറസ്റ്റ് ചെയ്തത്. പിന്നീട് റംസി പീഡനത്തിന് ഇരയായെന്ന് ബോധ്യപ്പെട്ടതോടെ ഹാരിസിനെതിരെ പീഡനക്കുറ്റവും ചുമത്തി. അന്വേഷണം തൃപ്തികരമല്ലെന്ന റംസിയുടെ കുടുംബത്തിന്റെ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ചിനും പിന്നീട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനും അന്വേഷണം കൈമാറി. നിലവില്‍ പത്തനംതിട്ട എസ് പി കെജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഹാരിസിന്റെ മാതാവ് ആരിഫാ ബീവി, സഹോദരന്‍ അസറുദ്ദീന്‍, അസറുദ്ദീന്റെ ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ക്ക് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിന് ശേഷം മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാമെന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതുവരെ സീരിയില്‍ നടി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴി എടുത്തിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close