
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് തിരിച്ച റഫാല്‍ യുദ്ധ വിമാനങ്ങള്‍ നാളെ ഇന്ത്യയില്‍ എത്തും. 7000 കിലോമീറ്റര്‍ താണ്ടി ബുധനാഴ്ചയാണ് വിമാനങ്ങള്‍ എത്തുന്നത്. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ് വിമാനങ്ങള്‍ ഇറക്കുന്നത്. സംഘത്തില്‍ മലയാളിയായ ഒരു പൈലറ്റുമുണ്ട്. അബൂദാബിയിലെ ഫ്രഞ്ച് വ്യോമ താവളത്തില്‍ നിന്ന് ഇന്ധനം നിറച്ചതിന് ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറക്കുക. രണ്ടു തവണ യാത്രക്കിടെ ഇന്ധനം നിറച്ചിരുന്നു. അബുദാബിയില്‍ നിന്ന് അംബാലയിലേക്കുള്ള യാത്രയില്‍ ഇന്ത്യയുടെ വ്യോമസേനാ ടാങ്കര്‍ വിമാനങ്ങള്‍ അനുഗമിക്കും
വ്യോമസേനയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ യുദ്ധ വിമാനങ്ങള്‍. അഞ്ചു യുദ്ധ വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്. ഇവയുള്‍പ്പെടെ 36 വിമാനങ്ങളാണ് ഫ്രാന്‍സ് ഇന്ത്യക്ക് നിര്‍മിച്ചു നല്‍കുന്നത്. തെക്കന്‍ ഫ്രാന്‍സിലെ മെറിനിയാക് വ്യോമത്താവളത്തില്‍ നിന്നാണു വിമാനങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്കു പുറപ്പെട്ടത്. ഒറ്റ സീറ്റുള്ള മൂന്ന് വിമാനങ്ങളും ഇരട്ട സീറ്റുള്ള രണ്ട് വിമാനങ്ങളുമാണുള്ളത്. ഓഗസ്റ്റ് 30ന് മുമ്പ് തന്നെ വിമാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാവും. രാത്രിയും പകലും ഒരേസമയം ആക്രമണം നടത്താന്‍ ശേഷിയുള്ള ഈ വിമാനങ്ങള്‍ക്ക് ആണവായുദ്ധങ്ങള്‍ വഹിക്കാനും കഴിയും. പറക്കുേമ്പാള്‍ 25 ടണ്‍ വരെ വിമാനത്തിന് ഭാരം വഹിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ – ചൈന അതിര്‍ത്തിയിലായിരിക്കും ആദ്യ ദൗത്യം. സേനയുടെ 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണു ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ 36 എണ്ണവും ലഭിക്കുമെന്നു ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.