KERALANEWS

റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം,ഒരു വര്‍ഷത്തിനുശേഷം 150 രൂപ

കോട്ടയം: ഒരു വര്‍ഷത്തിനുശേഷം റബ്ബര്‍വില വീണ്ടും കിലോഗ്രാമിന് 150 രൂപയിലെത്തി. 2019 ജൂണിലാണ് ഇതിന് മുമ്പ് ഈ വില ലഭിച്ചത്. ആര്‍.എസ്.എസ്-4 ഇനത്തിന് ഈ വില കിട്ടിയത് കൃഷിക്കാര്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസം പകരുന്നു. തുടര്‍ച്ചയായ മഴയും കോവിഡ് നിയന്ത്രണങ്ങളുംമൂലം വിപണിയില്‍ വേണ്ടത്ര റബ്ബര്‍ വില്‍പ്പനയ്‌ക്കെത്തുന്നില്ല. വെള്ളിയാഴ്ച, ചെറുകിടവ്യാപാരികളില്‍നിന്ന് വന്‍കിടവ്യാപാരികള്‍ ഈ വിലയ്ക്കാണ് റബ്ബര്‍ വാങ്ങിയത്. അടുത്തദിവസങ്ങളില്‍ കര്‍ഷകര്‍ക്കും ഈ വില കിട്ടുമെന്നാണ് പറയുന്നത്. ബാങ്കോക്ക് വിപണിയില്‍ ഈ വാരമാദ്യംതന്നെ 156 രൂപ രേഖപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍മാത്രം 14 രൂപയുടെ വര്‍ധനയുണ്ടായി. ഇതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടായി. ഒക്ടോബര്‍ 20-ന് റബ്ബര്‍വില 140 രൂപയായിരുന്നു. മൂന്നുദിവസം കൊണ്ടാണ് 150-ലെത്തിയത്. തായ്‌ലന്‍ഡിലും വിയറ്റ്‌നാമിലും കനത്തമഴ കാരണം ഉത്പാദനം കുറഞ്ഞതാണ് ഒരു കാരണം. കോവിഡ് കാലത്തിന് ശേഷം ഇളവുകള്‍ വന്നതോടെ ചൈനയില്‍ ഓട്ടോമൊബൈല്‍ രംഗം കരുത്തുനേടുന്നതും ഉണര്‍വിന് കാരണമായി. അതേസമയം, ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ എത്രത്തോളം പ്രാദേശിക ചരക്ക് എടുക്കുമെന്നത് ഇനിയുള്ള ദിവസങ്ങളില്‍ പ്രധാനമാണ്. വിപണി അവര്‍ നിരീക്ഷിക്കുകയാണ്. ചില കമ്പനികള്‍ക്ക് ഇറക്കുമതി ചെയ്ത റബ്ബര്‍ സ്റ്റോക്ക് ഉണ്ട്. 150 രൂപയെന്നത് സര്‍ക്കാര്‍ റബ്ബറിന് നിശ്ചയിച്ച അടിസ്ഥാനവിലയാണ്. ആശ്വാസപാക്കേജില്‍ കൃഷിക്കാര്‍ക്ക് പണം നല്‍കുന്നത് ഈ വിലയെ ആധാരമാക്കിയാണ്. അങ്ങാടി വില, 150 രൂപയില്‍ താഴെയെങ്കില്‍ ആ വ്യത്യാസമാണ് കൃഷിക്കാര്‍ക്ക് വിലസ്ഥിരതാഫണ്ടില്‍നിന്ന് അനുവദിക്കുന്നത്. ഇനിയും മെച്ചമാകും റബ്ബറിന്റെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. 2019 സെപ്റ്റംബറില്‍ 85,000 ടണ്ണാണ് ഇന്ത്യയിലെ ഉപഭോഗം. ഈ സെപ്റ്റംബറില്‍ അത് 1.03 ലക്ഷമായി. ആവശ്യകത കൂടുന്നതിന് അനുസൃതമായി വിലയില്‍ മെച്ചം വരും. ചൈനയില്‍ ഓട്ടോമൊബൈല്‍ വ്യവസായം ശക്തമായതും ചലനമുണ്ടാക്കുന്നു. ഇനിയും വില മെച്ചമാകാനുള്ള സാധ്യതയുണ്ട്. ഉത്പാദനച്ചെലവ് കുറച്ചും കൃഷിക്കാര്‍ക്ക് മെച്ചമുണ്ടാക്കാം. – ഡോ.കെ.എന്‍.രാഘവന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍, റബ്ബര്‍ ബോര്‍ഡ്. ആശ്വാസകരം വില 150 രൂപയിലെത്തിയത് ആശ്വാസകരമാണ്. കര്‍ഷകര്‍ക്ക് ഗുണംചെയ്യും. ആഭ്യന്തര ഉപയോഗത്തിനുള്ള റബ്ബര്‍ തദ്ദേശീയമായി വാങ്ങണമെന്നാണ് കൃഷിക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close