റയില്‍വേയുടെ ഇരുട്ടടി; കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ നഷ്ടമാവുന്നു

മീഡിയ മംഗളം നെറ്റ് വര്‍ക്ക്
തിരുവനന്തപുരം: റയില്‍വേയുടെ പുതിയ ടൈംടേബിള്‍ പരിഷ്കാരങ്ങളില്‍ കേരളത്തിലേക്കുള്ള മൂന്നു തീവണ്ടികളുടെ പ്രയോജനം നഷ്ടമാവുന്നു. പതിറ്റാണ്ടുകളായി കന്യാകുമാരിയില്‍ നിന്ന് കേരളം വഴി മുംബൈയ്ക്കുള്ള ജയന്തി ജനതാ എക്സ്പ്രസ് പൂണെയിലവസാനിപ്പിക്കാനാണ് നീക്കം. അതുപോലെ സില്‍ച്ചാര്‍ തിരുവനന്തപുരം എക്സ്പ്രസ് കോയമ്പത്തൂരിലവസാനിപ്പിക്കാനും നീക്കമുണ്ട്.
പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ മധുരവരെയും കൊല്ലം എറണാകുളം മെമു ആലപ്പുഴവരെയുമാക്കി ചുരുക്കാനാണ് നീക്കം. ചുരുക്കത്തില്‍ കേരളത്തിലേക്കും തിരിച്ചുമുളള തീവണ്ടികളില്‍ കാര്യമായ കുറവാണുണ്ടാവുക. കോവിഡ് കാലത്തെ ആള്‍ത്തിരക്കു കുറവിന്റെയും മണ്‍സൂണിന്റെയും കാര്യം പറഞ്ഞു കുറയ്ക്കുന്നതും ദൂരം ചുരുക്കുന്നതുമായ തീവണ്ടികളുടെ ക്രമം സ്ഥിരീകരിക്കാനാണ് നീക്കം. ഇതോടെ സാധാരണക്കാരന്റെ ദീര്‍ഘദൂര യാത്രോപാധിയായ തീവണ്ടിയാത്ര ദുരിതം നിറഞ്ഞതാകുമെന്നതില്‍ സംശയമില്ല.