INDIATop News

റഷ്യ കണ്ടുപിടിച്ച വാക്‌സിന്‍ ഇന്ത്യയിലെത്തുമോ?

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കണ്ടുപിടിച്ചതായി റഷ്യ അറിയിച്ചിരുന്നു. ഇതോടെ കോവിഡിന്റെ ഭീകരത ഏറ്റവുമധികം അനുഭവിക്കുന്ന ഇന്ത്യക്കാര്‍ ഏറെ ആശ്വാസത്തിലാണ്. വാക്‌സിന്‍ വന്നാല്‍ ഇനി കോവിഡിനെ ഭയപ്പെടേണ്ടതില്ലല്ലോ. എന്നാല്‍ റഷ്യന്‍ വാക്സിന്‍ ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകുമോ. ആകും എന്നാണ് ഉത്തരം. എന്നാല്‍ ഇത് ലഭ്യമാകാന്‍ രണ്ട് വഴികളാണ് ഉള്ളത്. ഇന്ത്യന്‍ ജനതയില്‍ മനുഷ്യരിലെ അന്തിമ ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ റഷ്യയോട് കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) ആവശ്യപ്പെടണം. സാധാരണ രണ്ടും മൂന്നും ഘട്ടങ്ങളാണ് നടത്തുന്നത്. ഇന്ത്യയ്ക്ക് പുറത്ത് വികസിപ്പിക്കുന്ന എല്ലാ വാക്സിനുകളും രാജ്യത്ത് ഈ ഘട്ടം കടന്നു പോകണം. വ്യത്യസ്ത ജന വിഭാഗങ്ങളില്‍ വാക്സിന്റെ കാര്യക്ഷമതയില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ മനുഷ്യരിലെ അന്തിമ ഘട്ട പരീക്ഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളത്. ഉദാഹരണമായി, ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്സിന്‍ ഈ വഴിയാണ് തെരഞ്ഞെടുത്തത്. ഇന്ത്യയിലെ സന്നദ്ധ സേവകരില്‍ അന്തിമ ഘട്ട പരീക്ഷണം നടത്താന്‍ സിഡിഎസ്‌സിഒ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഈ ആഴ്ചയില്‍ ഓക്സ്ഫോര്‍ഡ് വാക്സിന്റെ പരീക്ഷണം ആരംഭിക്കുമെന്ന് കരുതുന്നു.
നിലവിലെ അടിയന്തര ഘട്ടം പരിഗണിച്ച് അവസാന ഘട്ട പരീക്ഷണം ഇല്ലാതെ വാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കാനുള്ള അധികാരം സിഡിഎസ്‌സിഒയ്ക്ക് ലഭിച്ചിട്ടുണ്ട്. റഷ്യയില്‍ നടത്തിയ മനുഷ്യരിലെ പരീക്ഷണങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ച് സുരക്ഷയും കാര്യക്ഷമതയും തൃപ്തിയാണെങ്കില്‍ ഓര്‍ഗനൈസേഷന് അടിയന്തര സാഹചര്യം പരിഗണിച്ച് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാം. കൊറോണവൈറസ് രോഗികളില്‍ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ ഇത്തരത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ റഷ്യന്‍ വാക്സിനില്‍ ഈ രീതി ഉപയോഗിക്കാന്‍ സാധ്യത കുറവാണ്. മരുന്നുകള്‍ രോഗികള്‍ക്ക് മാത്രം നല്‍കുമ്പോള്‍ വാക്സിന്‍ വലിയൊരു സംഖ്യ വരുന്ന ജനങ്ങള്‍ക്കാണ് നല്‍കുന്നത്. കോവിഡ്-19-ന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കേണ്ടതുണ്ട്. അതില്‍ ഉള്‍ക്കൊള്ളുന്ന അപകട സാധ്യതകള്‍ വളരെ കൂടുതലാണ്.
കൂടാതെ, റെംഡിസിവിര്‍ മറ്റു രോഗങ്ങളുടെ ചികിത്സയ്ക്ക് ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. കൊറോണവൈറസ് ചികിത്സയ്ക്കായി മാറ്റിയെടുക്കുകയായിരുന്നു. അതേസമയം, വാക്സിന്‍ പുതിയതാണ്. മറ്റൊരു പ്രശ്നം, വാക്സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുക എന്നതാണ്. എല്ലാ രോഗങ്ങള്‍ക്കുമുള്ള 50 ശതമാനത്തില്‍ അധികം വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. എവിടെ വികസിപ്പിച്ച വാക്സിന്‍ ആണെങ്കിലും കൊറോണവൈറസിനെതിരായ വാക്സിന്‍ ഇന്ത്യയില്‍ വന്‍തോതില്‍ നിര്‍മ്മിക്കേണ്ടി വരും. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളായ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇപ്പോള്‍ തന്നെ വാക്സിന്‍ വന്‍തോതില്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറുകളില്‍ വാക്സിന്‍ വികസിപ്പിക്കുന്നവരുമായി ഏര്‍പ്പെട്ടിട്ടുണ്ട്. മറ്റ് ഇന്ത്യന്‍ കമ്പനികളും സമാനമായ കരാറുകളില്‍ ഒപ്പുവച്ചു. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ റഷ്യന്‍ വാക്സിന്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറില്‍ ആരും ഏര്‍പ്പെട്ടിട്ടില്ല.

Tags
Show More

Related Articles

Back to top button
Close