KERALANEWSTop News

റാന്നിയില്‍ ഇക്കുറി പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ് ! യുവനേതാവ് പ്രശാന്ത് ബി മോളിയ്ക്കലിന് സാധ്യത

പത്തനംതിട്ട: റാന്നിയില്‍ ഇക്കുറി പുതുമുഖ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥിരം മുഖങ്ങളെ ഒഴിവാക്കി അവിടെ പുതുമുഖങ്ങളെയും യുവാക്കളെയും പരിഗണിക്കണമെന്ന ഹൈക്കമാന്‍ഡ് തീരുമാന പ്രകാരമാണ് റാന്നിയില്‍ ഈ മാറ്റത്തിനൊരുങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസ് റാന്നി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത് ബി മോളിയ്ക്കലിനെയാണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്.

റാന്നി മണ്ഡലത്തിലെ വെച്ചൂച്ചിറ പഞ്ചായത്തുകാരനായ പ്രശാന്ത് കെഎസ് യുവിലൂടെയാണ് സംഘടനാ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിലും സജീവമായി. മര്‍ത്തോമാ സഭയുടെ കൗണ്‍സിലംഗമായ പ്രശാന്ത് ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളയാളാണ്. മണ്ഡലത്തില്‍ ദളിത് ക്രിസ്ത്യന്‍ വിഭാഗത്തിന് വോട്ടുള്ളതും പ്രശാന്തിനെ പരിഗണിക്കാന്‍ കാരണമായി.

കഴിഞ്ഞ 25 വര്‍ഷമായി റാന്നിയില്‍ സിപിഎമ്മിലെ രാജു എബ്രാഹമാണ് വിജയിച്ചിരു വരുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ മറിയാമ്മ ചെറിയാനെ 14596 വോട്ടുകള്‍ക്കാണ് രാജു എബ്രഹാം തോല്‍പ്പിച്ചത്. 2011ല്‍ രാജുവിന്റെ ഭൂരിപക്ഷം 6614 മാത്രമായിരുന്നു. അന്നു ഫീലിപ്പോസ് തോമസായിരുന്നു എതിരാളി. യുവത്വവും പുതുമുഖവും ചേരുന്ന ഒരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ ഇക്കുറി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെയാണ് പ്രശാന്ത് ബി മോളിയ്ക്കലിനെ പരിഗണിക്കണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. തിരുവല്ല സീറ്റിലേക്കും പ്രശാന്തിനെ പരിഗണിക്കുന്നുണ്ട്. സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുത്താണ് ഈ പരിഗണന.

പ്രശാന്തിന് പുറമെ കെപിസിസി നിര്‍വാഹ സമിചിയംഗം കെ ജയവര്‍മ്മ, ഡിസിസി വൈസ് പ്രസിഡന്റ് ടികെ രാജു, ജനറല്‍ സെക്രട്ടറി സതീഷ് പണിക്കര്‍ എന്നിവരെയും റാന്നിയിലേക്ക് പരിഗണിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close