റീച്ചാര്‍ജ് നിരക്കുകള്‍ ഇനിയും വര്‍ധിക്കാം, പഴയപ്ലാനുകളിലേക്ക് തിരിച്ചു പൊകാന്‍ ഒരുങ്ങി കമ്പനികള്‍

ഇന്ത്യന്‍ ടെലികോം വ്യവസായത്തില്‍ മിനിമം താരിഫുകള്‍ നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ ഇതുവരെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇടപെടലൊന്നും നടത്തിയിട്ടില്ല. ടെലിക്കോം മേഖലയില്‍ സ്ഥിരത ഉറപ്പുവരുത്തുന്നതിനും കമ്പനികളുടെ പരസ്പര മത്സരം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാക്കാനും കോളുകള്‍ക്കും ഡാറ്റയ്ക്കുമായി മിനിമം നിരക്കുകള്‍ നിശ്ചയിക്കാന്‍ ട്രായ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ടെലിക്കോം കമ്പനികളുടെയും വ്യവസായത്തിന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി മിനിമം താരിഫ് വില നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് ടെലിക്കോം കമ്പനികള്‍ ട്രായിയെ സമീപിച്ചിരുന്നു.

2017 ല്‍ ടെലിക്കോം കമ്പനികള്‍ തന്നെ നിഷേധിച്ച ആശയമാണ് കോസ് ഫ്ലോര്‍ പ്രൈസിംഗ്. പക്ഷേ ഇപ്പോള്‍ എജിആര്‍ സംബന്ധിച്ച സുപ്രിം കോടതി വിധിയിലെ തിരിച്ചടിയും വരുമാനത്തിലെ കുറവും കാരണം കമ്പനികള്‍ തന്നെ മിനിമം താരിഫുകള്‍ നിശ്ചയിക്കാന്‍ ട്രായ് യോട് ആവശ്യപ്പെടുകയാണ്. ഉപയോക്താവില്‍ നിന്നുള്ള വാര്‍ഷിക വരുമാന നിരക്ക് 250 രൂപയില്‍ കൂടുതലായതിനാല്‍ 2016 വരെ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മിനിമം താരിഫ് പ്ലാന്‍ നിശ്ചയിക്കാത്തത് ഗുണകരമായിരുന്നു. പിന്നീട് റിലയന്‍സ് ജിയോ വിപണിയില്‍ വന്നതോടെ ആജീവനാന്ത സൗജന്യ വോയ്സ് കോളുകളും കുറഞ്ഞ വിലയ്ക്ക് ഡാറ്റയും നല്കാന് തുടങ്ങി. കുറഞ്ഞ വിലയിലുള്ള താരിഫ് പ്ലാനുകള്‍ ലഭ്യമാക്കികൊണ്ട് റിലയന്‍സ് ജിയോ ജനപ്രിയമാവുകയും ധാരാളം വരിക്കാരെ നേടുകയും ചെയ്തു.ജിയോയെ പ്രതിരോധിക്കാന്‍ മറ്റ് കമ്പനികള്‍ക്കും കുറഞ്ഞ വിലയില്‍ മികച്ച പ്ലാനുകള്‍ അനുവദിക്കേണ്ടി വന്നു. ഇത് ടെലിക്കോം കമ്പനികള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. മൊത്ത വരുമാനം കണക്കാക്കി ടെലിക്കോം വകുപ്പിലേക്ക് അടയ്ക്കേണ്ട തുകയെ സംബന്ധിച്ച് ഉണ്ടായ തര്‍ക്കം സുപ്രീം കോടതിയിലെത്തുകയും കോടതി വിധി പ്രതികൂലമാവുകയും ചെയ്തതോടെ മുന്‍ നിര ടെലിക്കോം കമ്പനികളെല്ലാം വന്‍ പ്രതിസന്ധിയിലായി ഒരു ലക്ഷം കോടിയിലധികം രൂപയാണ് മുന്‍ നിര ടെലിക്കോം കമ്പനികള്‍ എജിആര്‍ കുടിശ്ശികയായി അടയ്ക്കേണ്ടി വരിക. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് മിനിമം താരിഫ് നിശ്ചയിക്കണമെന്ന് കമ്പനികള്‍ ട്രായ് യോട് ആവശ്യപ്പെട്ടത്.

അടുത്തിടെയാണ് ടെലികോം കമ്പനികള്‍ ഒരുമിച്ച് തങ്ങളുടെ മിനിമം താരിഫ് വില നിശ്ചയിക്കണമെന്ന് ട്രായ് യോട് ആവശ്യപ്പെട്ടതെന്ന് ട്രായ് ചെയര്മാന് ആര്‍എസ് ശര്‍മ്മ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ടെലികോം സെക്രട്ടറിയുമായി എയര്‍ടെല്‍ തലവന്‍ സുനില്‍ മിത്തല്‍ ഫ്ലോര്‍ വിലനിര്‍ണ്ണയം സംബന്ധിച്ച് നടത്തിയ ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ട്രായ് ചെയര്‍മാന്റെ പ്രതികരണം. 2012ല്‍ താരിഫ് നിയന്ത്രണം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ കമ്പനികള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. താരിഫ് കാര്യങ്ങള്‍ കമ്പനിക്ക് വിടണമെന്നും കമ്പനികള്‍ വാദിച്ചതായി ആര്‍എസ് ശര്‍മ്മ പറഞ്ഞു. താരിഫ് കാര്യങ്ങളില്‍ ഇടപെടാന്‍ ട്രായ്ക്ക് താല്പര്യമില്ല. ഇത് ഉപയോക്താക്കള്‍ക്ക് എതിരായ നീക്കമായിരിക്കും. എന്നാല്‍ ടെലിക്കോം വിപണിക്ക് വെല്ലുവിളിയാകുന്ന കാര്യങ്ങള്‍ വരുമ്പോള്‍ താരിഫ് നിരക്കുകളില്‍ അടക്കം ഇടപെടാനും മാറ്റങ്ങള്‍ വരുത്താനും ട്രായ്ക്ക് അധികാരം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡാറ്റയ്ക്കും വോയ്സ് കോളുകള്‍ക്കുമായി മിനിമം വില നിശ്ചയിക്കുന്നത് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഉപയോഗപ്രദമായ കാര്യമാണ്. ഇതിലൂടെ സബ്സ്ക്രൈബര്‍മാര്‍ക്ക് വിലകുറഞ്ഞ താരിഫുകള്‍ തിരഞ്ഞെടുക്കുന്നതിന് പകരം സേവനത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി ശരിയായ ഓപ്ഷന് തിരഞ്ഞെടുക്കാനാകും. താരിഫ് പ്ലാനുകള്‍ ഏകദേശം ഒരുപോലെ ആയി കഴിഞ്ഞാല്‍ ഉപയോക്താവ് പ്രാധാന്യം നല്‍കുക സേവനത്തിനായിരിക്കും. ഇത് ടെലിക്കോം മേഖലയ്ക്ക് ഗുണം ചെയ്യും. കഴിഞ്ഞ മൂന്ന് വര്‍ഷമായി സബ്സ്ക്രൈബര്‍ അഡീഷണല്‍ ഗ്രാഫില്‍ റിലയന്‍സ് ജിയോയാണ് ആധിപത്യം പുലര്‍ത്തുന്നത്. ഇതില്‍ വലിയ മാറ്റം വരുത്താന്‍ ഫ്ലോര്‍ പ്രൈസിങിന് സാധിക്കും.