തിരുവനന്തപുരം:റേഡിയോ പ്രക്ഷേപകന്‍ രവീന്ദ്രന്‍ ചെന്നിലോട് അന്തരിച്ചു. സംസ്‌കാരം ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.33 വര്‍ഷമായി ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ പ്രക്ഷേപകനായിരുന്നു. 2012 ല്‍ പ്രോഗ്രാം എക്സിക്യൂട്ടിവായി വിരമിച്ചു.
ശബ്ദത്തിലൂടെ വിസമയം തീര്‍ക്കുന്നതില്‍ അനിതരസാധാരണമായ കൃത്യതയും സൂക്ഷ്മതയുമുള്ള പ്രക്ഷേപകനായിരുന്നു. കേരളത്തിലെ ക്യാംപസുകളില്‍ ലഹരിയായി പടര്‍ന്നുനിന്ന യുവവാണി എന്ന പരിപാടിയുടെ സംഘാടകനായിരുന്നു ഏറെ നാള്‍. ലാളിത്യം തുടിക്കുന്ന നിരവധി ആകാശവാണി ലളിതഗാനങ്ങളുടെ ഈരടി ചെന്നിലോടിന്റേതാണ്. നാടകം ഡോക്യുമെന്ററി വയലും വീടും ലളിതഗാനം നാടന്‍ പാട്ടുകള്‍ സിനിമ എന്നു വേണ്ട റേഡിയോയിലെ ഏതാണ്ടെല്ലാ പരിപാടികളും ചെന്നിലോട് കൈകാര്യം ചെയ്തിട്ടുണ്ട്.
പൂക്കള്‍ക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ചെന്നിലോട് ഓര്‍ക്കിഡിന്റെ അതോറിറ്റി ആയിരുന്നു. ഓര്‍ക്കിഡ് കൃഷി കേരളത്തില്‍ പ്രചരിപ്പിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ കാടുകളും മലകളും കയറിയിറങ്ങി അപൂര്‍വ്വങ്ങളായ ഇനങ്ങളെ കണ്ടെത്തി ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്.
കവിയും ഗാനരചയിതാവും കൂടിയായ രവീന്ദ്രന്‍ മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം പരമ്പരയായി പ്രക്ഷേപണം ചെയ്തിട്ടുണ്ടായ. പ്രക്ഷേപണകലയുടെ കുലപതിയെയാണ് ഇതോടെ റേഡിയോ മാധ്യമ ലോകത്തിന് നഷ്ടമായത്.