INDIANEWS

ലക്ഷദ്വീപുകാരെ സർക്കാർ ജോലികളിൽ നിന്നും മാറ്റാൻ നീക്കം: ‘കാര്യക്ഷമത’ ഇല്ലാത്തവരുടെ പട്ടിക തയാറാക്കാൻ അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശം

കവരത്തി: കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും നിയമനരീതികൾ പുനഃപരിശോധിക്കാനും നിർദ്ദേശം നൽകി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധം പല മേഖലകളിലും ശക്‌തമാവുമ്പോഴും ജനദ്രോഹപരമായ നടപടികൾ ദ്വീപിൽ തുടരുകയാണ്. ഇതിനെതിരെ നിയമപരമായി നടപടി സ്വീകരിക്കാൻ പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് എംപി മുഹമ്മദ് ഫൈസൽ.

ദ്വീപുകാരുടെ തൊഴിൽ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പടെയുള്ള സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ലക്ഷദ്വീപിലെ നിയമനരീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് അവിടെയൊരു സെലക്ഷൻ ബോർഡ് നേരത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്. അതിൽ ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധി പോലും ഉൾപ്പെട്ടിട്ടുമില്ല. അഡ്മിനിസ്ട്രേറ്റർക്ക് താല്പര്യമുള്ള, വടക്കേ ഇന്ത്യയിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരെ മാത്രമാണ് ഈ ബോർഡിലുള്ളത്. അതിനു പിന്നാലെയാണ് കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ കണക്കെടുക്കാനുള്ള നീക്കം. അത് സർവ്വീസിൽ നിന്ന് ആളുകളെ പിരിച്ചുവിടാനുള്ള നീക്കമാണ് എന്ന് തന്നെ സംശയിക്കപ്പെടുന്നു. നേരത്തെ തന്നെ കരാർ ജീവനക്കാരായ നിരവധി ദ്വീപ് നിവാസികളെ പിരിച്ചുവിട്ടിരുന്നു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇപ്പോൾ ദ്വീപ് നിവാസികൾ തീരുമാനിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close