INDIATrending

ലക്ഷദ്വീപ് കോവിഡിനോട് പറഞ്ഞു, ‘കടക്കുപുറത്ത്’

കവരത്തി: ലോകം മുഴുവന്‍ കോവിഡ് മരണം വിതക്കുമ്പോള്‍ വൈറസ് ബാധിക്കാത്ത ലക്ഷദ്വീപ് ശ്രദ്ധയാകര്‍ഷിക്കുന്നു. വളരെ നേരത്തെ തന്നെ വിദേശ വിനോദ സഞ്ചാരികളുടെയും ആഭ്യന്തര വിനോദ സഞ്ചാരികളുടെയും പ്രവേശനം നിയന്ത്രിക്കാന്‍ തുടങ്ങിയതും പരിശോധനകള്‍ തുടക്കം മുതല്‍ ശക്തമാക്കിയതുമാണ് രക്ഷയായതെന്ന് അധികൃതര്‍ പറയുന്നു. ‘ഞങ്ങള്‍ ആദ്യം എല്ലാ യാത്രക്കാരെയും തടഞ്ഞു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍, തിരിച്ചുവരാന്‍ ആഗ്രഹിച്ച ലക്ഷദ്വീപിലെ എല്ലാവരേയും കൊച്ചിയിലും മംഗലാപുരത്തും കോവിഡ് ടെസ്റ്റിനായി എത്തിച്ചതും മാത്രമല്ല, രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനു ശേഷം മാത്രമെ അവരെ ദ്വീപിലേക്ക് കടത്തിവിട്ടുള്ളൂ’ എന്നും ലക്ഷദ്വീപിലെ ആരോഗ്യ സെക്രട്ടറി ഡോ. എസ്. സുന്ദരവാദിവേലു പറഞ്ഞു.

ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ ആരോഗ്യ ഉദ്യോഗസ്ഥര്‍ ദ്വീപുകളിലെ വിദൂര ജനവാസ പ്രദേശങ്ങളിലുള്ളവരില്‍പ്പോലും വൈറസിനെക്കുറിച്ച് അവബോധമുണ്ടാക്കിയിരുന്നു. ഒപ്പം അപകടകരമായ ഒരു സാഹചര്യമുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കുമെന്നും ജനങ്ങളില്‍ അറിവുണ്ടാക്കിയിരുന്നു. ആശാ, അംഗന്‍വാടി തൊഴിലാളികള്‍ വീടുതോറും കയറ്റി വൈറസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചിരുന്നു. പനിയും കോവിഡിന്റെ മറ്റ് ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്താല്‍, ഹെല്‍പ്പ്‌ലൈനിലേക്ക് വിളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. സംശയാസ്പദമായ ചില കേസുകളുടെ സാമ്പിളുകള്‍ എടുത്ത് കേരളത്തിലേക്ക് അയക്കുകയും ചെയ്തു.

കോവിഡ് ആശുപത്രികളും ,അകലം പാലിച്ചുള്ള കിടക്കകളും ഐസിയുവും വെന്റിലേറ്ററുകളും എല്ലാം നേരത്തെതന്നെ ഏര്‍പ്പാടാക്കിയിരുന്നു. കൂടാതെ ജനവാസമുള്ള 11 ദ്വീപുകളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുറന്നു. ”കേന്ദ്രം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് മുകളിലാണ് ഈ സൗകര്യങ്ങള്‍,” എന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം കേരളത്തിന്റെ സഹായെ തേടിയിരുന്നു.
അത്യാവശ്യങ്ങള്‍ക്കായി ദ്വീപിനു പുറത്തേക്കു പേകുന്നവര്‍ക്ക് തിരികെ വരാനായി കപ്പലില്‍ കേറണമെങ്കില്‍ കോവിഡ് ഇല്ലെന്നുറപ്പാക്കണമായിരുന്നു. ഇതെല്ലാമാണ് രക്ഷയായത് എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Back to top button
Close