INDIATop News

ലഡാക്കില്‍ 38,000 ചതുരശ്ര കിലോമീറ്റര്‍ ചൈന കൈവശപ്പെടുത്തി, സ്ഥിതി ഗുരുതരം: രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍. അതിര്‍ത്തിയില്‍ വെല്ലുവിളി നിറഞ്ഞ സ്ഥിതിയാണെന്നും ചൈന ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാറുകളും വ്യവസ്ഥകളും സ്ഥിരം ലംഘിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.”സ്ഥിതി മോശമായാല്‍ കടുത്ത തീരുമാനമെടുക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറില്ലെന്നും തിരിച്ചടിക്കാന്‍ രാജ്യത്തിന്റെ സേന സജ്ജമാണെന്നും പാര്‍ലമെന്റിന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” രാജ്നാഥ് സിങ് സഭയില്‍ പറഞ്ഞു. ലഡാക്കിന്റെ വലിയൊരു പ്രദേശം ചൈന അനധികൃതമായി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് രാജ്നാഥ് സിങ് രാജ്യസഭയെ അറിയിച്ചു. ”കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ചൈന ഏകദേശം 38,000 ചതുരശ്ര കിലോമീറ്റര്‍ അനധികൃതമായി കൈവശപ്പെടുത്തി.

ഇതിനുപുറമെ, പാക് അധീന കശ്മീരിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള 5,180 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാക്കിസ്ഥാന്‍ അനധികൃതമായി ചൈനയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. 1963 ലെ ചൈന-പാകിസ്ഥാന്‍ അതിര്‍ത്തി കരാര്‍ ലംഘനമാണിത്. അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയുടെ കിഴക്കന്‍ മേഖലയിലെ ഇന്ത്യന്‍ പ്രദേശത്തുള്ള 90,000 ചതുരശ്ര കിലോമീറ്റര്‍ ചൈന അവകാശപ്പെടുത്താന്‍ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ട്. ചൈനയുടെ നീക്കം വിവിധ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ് സൂചിപ്പിക്കുന്നത്,” പ്രതിരോധമന്ത്രി പറഞ്ഞു.സമാധാനപരമായ സഹവര്‍ത്തിത്വത്തിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യന്‍ സേന ധൈര്യവും ക്ഷമയും പുലര്‍ത്തി. എന്നാല്‍, ചൈനയുടെ ഭാഗത്തുനിന്ന് അതല്ല പ്രതികരണമെന്നും രാജ്നാഥി സിങ് പറഞ്ഞു. ‘അതിര്‍ത്തിയിലെ ഏത് പ്രതിസന്ധിയെ നേരിടാനും സൈന്യം സജ്ജമാണെന്ന് ഞാന്‍ ഈ സഭയെ അറിയിക്കുന്നു. നിലവിലെ ഏത് വെല്ലുവിളിയെയും സേന വിജയകരമായി നേരിടും. നേരത്തെ വ്യക്തമാക്കിയിട്ടുള്ള പോലെ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. എങ്കിലും സമാധാനപരമായി കാര്യങ്ങളില്‍ ഇടപെടാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്.” രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close