ലണ്ടന്‍: വെസ്റ്റ് ലണ്ടന്‍ പട്ടണമായ ഹെയ്സില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. 37-കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തെരുവില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെയ്സ് സ്വദേശിയായ ബല്‍ജിത്ത് സിംഗിന്റെ മൃതദേഹമാണ് സ്റ്റേഷന്‍ റോഡിന് സമീപമുള്ള ഇടവഴിയില്‍ ശനിയാഴ്ച രാത്രി 11 മണിക്ക് കണ്ടെത്തിയത്. മരണത്തിന് മുന്‍പ് ബല്‍ജിത്ത് സിംഗിന് ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുള്ളതായി പോലീസ വ്യക്തമാക്കി. മറ്റ് രണ്ട് പേരുമായി ഈ സമയത്ത് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായാണ് ഇവര്‍ കരുതുന്നത്. ‘സിംഗ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. ഇതുമൂലമാകണം അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. പ്രദേശത്തെ സിസിടിവി ഫൂട്ടേജുകള്‍ ഓഫീസര്‍മാര്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ പ്രദേശത്തെ ആളുകളുമായി സംസാരിക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്നും, ആരാണ് ഉത്തരവാദികളെന്നും കണ്ടെത്താനാണിത്’, ഡിസിഐ ഹെലെന്‍ റാന്‍സ് പറഞ്ഞു.
പോലീസും, പാരാമെഡിക്കുകളും ഹെയ്സ് സ്റ്റേഷന്‍ റോഡിലെ ഇടവഴിയിലേക്ക് വിവരം ലഭിച്ച് എത്തിയെങ്കിലും സിംഗ് സംഭവസ്ഥലത്ത് വെച്ച് മരിച്ചതായാണ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഫുള്‍ഹാം മോര്‍ച്ചറിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്ത് അമര്‍ത്തിപ്പിടിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തിന് തൊട്ടുമുന്‍പ് ബല്‍ജിത്ത് സിംഗുമായി സംസാരിച്ച രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മെറ്റിന്റെ സ്പെഷ്യലിസ്റ്റ് ക്രൈം കമ്മാന്‍ഡ് (ഹോമിസൈഡ്) ഓഫീസര്‍മാര്‍. വാക്കുതര്‍ക്കം ഉടലെടുക്കുകയും സിംഗിന് അതിക്രമം നേരിടേണ്ടി വന്നതാകുമെന്നുമാണ് ഓഫീസര്‍മാര്‍ വിശ്വസിക്കുന്നത്. ശനിയാഴ്ച രാത്രി 10 മണിയോടെ ഹെയ്സ് സ്റ്റേഷന്‍ റോഡിന് സമീപത്ത് ഉണ്ടായിരുന്നവരില്‍ നിന്നും നേരിട്ട് വിവരം തേടിയതായി ഡിസിഐ റാന്‍സ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ 101-ല്‍ വിളിച്ച് വിവരം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണാവൈറസ് മഹാമാരി സൃഷ്ടിക്കുന്ന വിപത്തിന്റെ പിന്നണിയില്‍ ഇത്തരം കൊലപാതകങ്ങള്‍ അരങ്ങേറുന്നത് അവിശ്വസനീയതയോടെയാണ് ഇന്ത്യന്‍ സമൂഹം നോക്കിക്കാണുന്നത്.