INDIANEWS

ലഹരിക്കേസില്‍ നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം; സഹോദരന്റെ ഹര്‍ജി കോടതി തള്ളി

ബോംബെ:ബോളിവുഡ് സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച ലഹരിക്കേസില്‍ അറസ്റ്റിലായിരുന്ന നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയാണ് നടിയ്ക്ക് ജാമ്യം അനുവദിച്ചത്. ലഹരിക്കേസില്‍ വാദം കേള്‍ക്കല്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. റിയയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ സഹോദരന്‍ ഷോവിക്കിന്റെ ജാമ്യഹര്‍ജി കോടതി തള്ളുകയായിരുന്നു. സെപ്റ്റംബര്‍ നാലിനാണ് റിയയുടെ സഹോദരന്‍ ഷോവിക് അറസ്റ്റിലായത്.

ഷോവിക് ഇപ്പോള്‍ നവിമുംബൈ തലോജ ജയിലിലാണുള്ളത്. ഷോവിക് അറസ്റ്റിലായതിന് പിന്നാലെ എട്ടിനാണ് റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തത്. ബൈക്കുള ജയിലിലാണ് റിയ ഉള്ളത്. നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി കേസ് ഉയര്‍ന്ന് വന്നത്. സുശാന്തിന്റെ മരണം കൊലപാതകമല്ല എന്ന് എയിംസ് ഫൊറന്‍സിക് സംഘം നേരത്തേ വ്യക്തമാക്കിയിരുന്നു.

ലഹരിക്കേസും നടന്റെ മരണവും തമ്മില്‍ വലിയ ബന്ധമില്ല എന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും വ്യക്തമാക്കിയതിനാല്‍ റിയയ്ക്ക് ജാമ്യം ലഭിക്കുമെന്ന് കുടുംബാംഗങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ലഹരിക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റിയയെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതോടെ അറസ്റ്റില്‍ കഴിഞ്ഞിരുന്ന നടിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20 വരെ നീട്ടുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close