
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി, ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.വിവിധ അകൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൊണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ നിര്‍ജീവമാണ്. അനൂപിന്റെ ഷെല്‍ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. 2015 ല്‍ തുടങ്ങിയ ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഇഡി അന്വേഷിക്കും. കടലാസ് കമ്പനികള്‍ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കും.ബെംഗളൂരു ദൂരവാണിയില്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്തതാണ് ബി കാപിറ്റല്‍ എന്ന കമ്പനി. എന്നാലിത് 2018ല്‍ പൂട്ടുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ കമ്മനഹള്ളിയിലാണ് എവിജെ ഹോസ്പിറ്റാലിറ്റീസ് എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീട് മെയ് മാസത്തില്‍ ഇതിന്റെയും പ്രവര്‍ത്തനം നിര്‍ത്തി.
കേസില്‍ ബിനീഷ് കോടിയേരിയെ ഇന്ന് മുതല്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. സമീപത്തെ പോലീസ് സ്റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാര്‍പ്പിച്ചത്. ഒന്‍പതരയോടെ ശാന്തി നഗറിലെ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്തേക്ക് കൊണ്ടുവരും. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എന്‍ഫോഴ്സ്മെന്റ് വിവരങ്ങള്‍ തേടും. അതേസമയം ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കേസ് ആദ്യം രെജിസ്റ്റര്‍ ചെയ്ത എന്‍സിബിയും ഇന്ന് എന്‍ഫോഴ്സ്മെന്റില്‍ നിന്ന് വിവരങ്ങള്‍ തേടും.