KERALANEWS

ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ആയിരം ലാത്തിക്കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിച്ചേനെ; തടവറകളിലെ ക്രൂരതകൾ കെ ആർ ​ഗൗരി വിവരിച്ചത് ഇങ്ങനെ; പീഡനങ്ങൾക്ക് തകർക്കാനാകാത്ത വിപ്ലവ വീര്യം ഇനി ജ്വലിക്കുന്ന ഓർമ്മ

തിരുവനന്തപുരം: ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ആയിരം ലാത്തിക്കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിച്ചേനെ എന്ന ഒറ്റ പരാമർശം മതി കെ ആർ ​ഗൗരി എന്ന വിപ്ലവ വനിത തടവറകളിൽ അനുഭവിച്ച കൊടുംക്രൂരതകളുടെ നേർസാക്ഷ്യമാകുവാൻ. മർദ്ദനങ്ങളും പീഢനങ്ങളും ​ഗൗരി എന്ന യുവതിയെ തളർത്തിയില്ല. തന്റെ ശരീരത്തിൽ നിന്നും വാർന്നൊഴുകിയ ഓരോ തുള്ളി ചോരയും ​ഗൗരിയുടെ മുന്നോട്ടുള്ള ജീവിതത്തിന് ഊർജ്ജമാകുകയായിരുന്നു. അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആർ ഗൗരിയമ്മ കമ്യുണിസ്റ്റ് പാർടിയിൽ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവർക്ക് അംഗത്വം നൽകിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാർ, വി എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം പാർടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ റവന്യൂ വകുപ്പ് ഏൽപിച്ചു. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായി.

എല്ലാക്കാലവും ഒഴുക്കിനെതിരെ നീന്തിയ പാരമ്പര്യമാണ് ഗൗരിയമ്മയുടേത്. ശരിയെന്ന് തനിക്ക് തോന്നുന്ന കാര്യത്തിൽ എന്തുവില കൊടുത്തും ഉറച്ചുനിൽക്കുന്ന സ്വഭാവമാണ് ഗൗരിയമ്മയെ വ്യത്യസ്തയാക്കുന്നത്. 139 എംഎൽഎമാർ അനുകൂലിച്ച ആദിവാസി വിരുദ്ധ ബില്ലിനെ ഒറ്റയ്ക്ക് എതിർത്ത് തോൽപിച്ചത് തന്നെ ഉദാഹരണം. നിയമസഭ പാസാക്കിയ ബിൽ ഗൗരിയമ്മ വിയോജിപ്പ് പ്രകടിപ്പിച്ചതുകൊണ്ടുതന്നെ രാഷ്ട്രപതിമടക്കി അയച്ചു. താൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ആദിവാസികൾ ഇല്ലാതിരുന്നിട്ടും അവർക്കായി ഗൗരിയമ്മ പോരാടി.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-ന് ജനനം. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിടെ കൊടിയ പൊലീസ് പീഡനം അനുഭവിച്ചു.

1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957,1967,1980,1987 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലൻസ്, നിയമം ,വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം നൽകി കഴിവു തെളിയിച്ചു.

1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയിൽ ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം, കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പിൽ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.

രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മുൻ ഗവൺമെൻറ് അംഗീകരിച്ച ഭൂപരിഷ്കരണ ബില്ലിൽ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികൾ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തിൽ നിരോധിക്കപ്പെട്ടു. മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചുലക്ഷത്തോളം കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കർഷക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു.

ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്നു കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) അംഗമായ ഇവർ 1994 ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു.

ആത്മകഥ (കെ.ആർ. ഗൗരിയമ്മ) എന്നപേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1957-ൽ മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ വിഭിന്ന ചേരികളിലായ അവർ പിരിഞ്ഞുതാമസിച്ചു. കുട്ടികളില്ല. ഭർത്താവിന് മറ്റൊരു സ്ത്രീയിൽ ജനിച്ച കുഞ്ഞിനെ മകനെ പോലെ സംരക്ഷിച്ചു. ജോലിയും നൽകി.

ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച് പ്രാബല്യത്തിൽ വരുത്തിയ പ്രധാന നിയമങ്ങൾ

1957-ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിക്ഷൻ പ്രൊസീഡിങ്ങ്സ് ആക്റ്റ് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം)
1957-ലെ ട്രാവങ്കൂർ കൊച്ചിൻ ലാന്റ് ടാക്സ് (തിരു-കൊച്ചി ഭൂനികുതി നിയമം)
1957-ലെ കേരളാ ലാൻഡ് കൺസർവൻസി ആക്റ്റ് (ഭൂസംരക്ഷണനിയമം)
1958-ലെ കേരളാ കോമ്പൻസേഷൻ ഫോർ ടെനന്റ്സ് ഇമ്പ്രൂവ്‌മെന്റ് ആക്റ്റ്
1958-ലെ കേരളാ ലാന്റ് റിലിംക്വിഷ്‌മെന്റ് ആക്റ്റ് (സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം)
1958-ലെ കേരള വെയ്റ്റ് & മെഷേർസ് ആക്റ്റ് (അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം)
1959-ലെ കേരളാ സ്റ്റാമ്പ് ആക്റ്റ് (മുദ്രാപത്ര നിയമം)
1960-ലെ ജന്മിക്കരം പേയ്മെന്റ് (അബോളിഷൻ) ആക്റ്റ് (ജന്മിക്കരം ഒഴിവാക്കൽ നിയമം)
1960-ലെ കേരളാ അഗ്രേറിയൻ റിലേഷൻ ആക്റ്റ് (പാട്ടക്കുടിയാൻ നിയമം)
1968-ലെ കേരളാ റെവന്യൂ റിക്കവറി ആക്റ്റ് (ജപ്തി നിയമം)
1987-ലെ കേരളാ പബ്ലിൿ മെൻസ് കറപ്ഷൻ (ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻക്വയറീസ്) ആക്റ്റ് (അഴിമതി നിരോധനനിയമം)
1991-ലെ വനിതാ കമ്മീഷൻ ആക്റ്റ്.

കേരളത്തിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള ഒരേ ഒരു നിയമം KST Act, 1975 [Kerala Scheduled Tribes (Restriction on Transfer and Restoration of Alienated Land) Act, 1975 മറികടക്കാൻ ആന്റണി സർക്കാർ 1996ൽ ഒരു ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നു. രാഷ്ട്രപതി ആ ഓർഡിനൻസ് തിരിച്ചയച്ചു. 1999ലെ നായനാർ സർക്കാർ മറ്റൊരു ഭേദഗതി നിയമം കൊണ്ടുവന്നു. കയ്യേറ്റക്കാർ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് 5 ഏക്കർവരെ സാധുത നൽകി പകരം ഭൂമി സർക്കാർ നൽകാനും, 5 ഏക്കറിൽ കൂടുതൽ ഉള്ളത് തിരിച്ചു പിടിച്ച് നൽകാനുമായിരുന്നു ഭേദഗതി നിർദേശിച്ചിരുന്നത്. അതോടെപ്പം, 1975 ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിർദേശിച്ചു.

നിയമസഭ ഒറ്റക്കെട്ടായി നിയമം പാസാക്കിയപ്പോൾ ഗൗരിയമ്മ മാത്രം നിയമത്തെ എതിർത്തു. ഇങ്ങനെയൊക്കെ ഒരു കാലമാണ്, കാലത്തിന്റെ മുന്നേ നടന്നയാളാണ് അവർ.

‘കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം കേരളത്തിലാകെ മുഴങ്ങിയ ഒരു സമയമുണ്ടായിരുന്നു. കെ ആർ ഗൗരിയമ്മ മുഖ്യമന്ത്രി കസേരയിലെത്തുമെന്ന പ്രതീക്ഷ വലിയൊരു വിഭാഗത്തിന് ഉണ്ടായിരുന്നു. നൂറ് വയസ് പിന്നിടുമ്പോൾ ഗൗരിയമ്മ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്നാമത്തെ ഘട്ടത്തിലാണ്. കമ്മ്യൂണിസ്റ്റുകാരിയായിരുന്ന ഗൗരിയമ്മ, 1964ലെ പാർട്ടിപിളർപ്പിൽ തന്റെ ജീവിതത്തെ തന്നെ മുറിച്ചുമാറ്റി സിപിഎമ്മിനൊപ്പം നിന്ന ധീരവനിത, കാൽ നൂറ്റാണ്ടിന് ശേഷം താൻ രൂപീകരണത്തിൽ താൻ കൂടി ഭാഗഭാക്കായ പാർട്ടിയെ തള്ളിപ്പറഞ്ഞ് ജെ എസ് എസ് രൂപീകരിച്ചു.

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ നേതാക്കളിൽ ഒരാളാണ് എന്ന ഗൗരിയമ്മ. നിരീശ്വരവാദിയായിരുന്നെങ്കിലും തികഞ്ഞ ഒരു കൃഷ്ണഭക്തയായിരുന്നു കെ ആർ ഗൗരിയമ്മ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close