Breaking NewsKERALANEWSTop News

ലാന്‍ഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കില്‍ സ്വര്‍ണമടങ്ങുന്ന പെട്ടി സുഖമായി കടത്താം; സ്വർണക്കടത്ത് പ്രതികളുടെ ടെല​ഗ്രാം സന്ദേശങ്ങൾ പുറത്ത്

കൊച്ചി: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികൾ ​ഗൂഢാലോചന നടത്തിയത് ടെല​ഗ്രാം സന്ദേശങ്ങളിലൂടെ. ഇതിന്റെ തെളിവുകൾ സഹിതമാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പ്രതികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. സരിത്ത്, സന്ദീപ്, റമീസ് എന്നിവർ സിപിഎം കമ്മിറ്റി എന്ന പേരിലുള്ള ടെല​ഗ്രാം ​ഗ്രൂപ്പിലൂടെയായിരുന്നു സന്ദേശങ്ങൾ കൈമാറിയിരുന്നത്.

2019 ഡിസംബര്‍ ഒന്നിനുള്ള സരിത്തിന്റെ സന്ദേശത്തിൽ ചരക്കില്‍ 50 കിലോയുടെ നോട്ടിഫിക്കേഷന്‍ ഉണ്ടെന്ന് പറയുന്നു. ഓരോ തവണയും വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആസൂത്രണമാണ്‌ ടെല​ഗ്രാം ​ഗ്രൂപ്പിലൂടെ നടത്തിയത്. ബാഗേജിന്റെ ഭാരം സംബന്ധിച്ച് ഒരു ചാറ്റില്‍ ആശങ്ക പ്രകടിപ്പിച്ച സരിത്തിന് റമീസ് ധൈര്യം പകരുന്നുണ്ട്. ലാന്‍ഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കില്‍ സ്വര്‍ണമടങ്ങുന്ന പെട്ടി സുഖമായി കടത്താമെന്നാണ് റമീസ് പറയുന്നത്. തിരുവനന്തപുരത്തേക്ക് വരുന്ന ലഗേജില്‍ നയതന്ത്ര കാര്‍ഗോയെന്ന് ഉറപ്പായും രേഖപ്പെടുത്തണമെന്ന് സരിത്ത് കര്‍ശനമായി പറയുന്നു.

ബാഗേജ് സ്വീകരിക്കുന്ന കോണ്‍സല്‍ ജനറലിന്റെ പേരിന് പകരം ബംഗാളി പേര് നല്‍കണമെന്നും നിര്‍ദേശിക്കുന്നു. 2019 ഡിസംബര്‍ 19-ന് നടത്തിയ ചാറ്റില്‍ സ്വര്‍ണം കൈപ്പറ്റിയതായി സരിത്ത് സ്ഥിരീകരിക്കുന്നുണ്ട്. 23-ന് മറ്റൊരു ബാഗേജും സരിത്ത് കൈകാര്യം ചെയ്തു. സരിത്തിന്റെ കാറില്‍ സ്വര്‍ണം പുറത്തെത്തിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് ചാറ്റ് അവസാനിപ്പിക്കുന്നത്. ചാറ്റിന് പുറമേ വോയ്‌സ് സന്ദേശങ്ങളും കുറ്റപത്രത്തിന് സമാനമായ കാരണം കാണിക്കല്‍ നോട്ടീസില്‍ കസ്റ്റംസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ തന്റെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി കോണ്‍സല്‍ ജനറല്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നും ‘എക്സ് കാറ്റഗറി’ സുരക്ഷ സമ്പാദിച്ചിരുന്നുവെന്ന് കസ്റ്റംസ് നോട്ടീസില്‍ പറയുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ മറികടക്കുന്നതാണ് ഇത്. സ്വപ്ന, ശിവശങ്കര്‍ എന്നിവരാണ് ഇത് നേടിക്കൊടുത്തത്. എല്ലാതരം നിയമവിരുദ്ധ ചെയ്തികള്‍ക്കും ഈ ‘സുരക്ഷ’ കോണ്‍സല്‍ ജനറല്‍ ഉപയോഗപ്പെടുത്തി. നയതന്ത്രപരിരക്ഷയില്ലാത്ത ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ‘ഡിപ്ലോമാറ്റിക് തിരിച്ചറിയല്‍ കാര്‍ഡ്’ നല്‍കിയിരുന്നു. വിമാനത്താവളങ്ങളിലുള്‍പ്പെടെ ഇവ ദുരുപയോഗപ്പെടുത്തി.

യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി വഴി കേരളത്തിലേക്കു കടത്തിയത് 95.33 കിലോ സ്വര്‍ണമാണെന്നാണ് ഇതില്‍ പറയുന്നത്‌. 2019 നവംബര്‍ 15 മുതല്‍ 2020 മാര്‍ച്ച് നാലുവരെയുള്ള കാലത്താണ് 18 തവണകളായി അല്‍സാബിയുടെ സഹായത്തോടെ നയതന്ത്ര ബാഗേജ് വഴി യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയത്. ദുബായില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ നിര്‍മാണച്ചെലവിനായും ജര്‍മനിയിലെ തന്റെ ബിസിനസിനായും അല്‍സാബിക്ക് പണം ആവശ്യമായിരുന്നു. സ്വര്‍ണം കടത്തിയതിലൂടെ സമ്പാദിച്ച പണം വീടുനിര്‍മാണത്തിനും ബിസിനസിനും ഉപയോഗിച്ചതായാണു കരുതുന്നത്. ജര്‍മനിയിലെ തന്റെ ബിസിനസില്‍ പങ്കാളിയാകാന്‍ സ്വപ്നയെയും അല്‍സാബി ക്ഷണിച്ചിരുന്നു. 2020 ഏപ്രില്‍ രണ്ടിനാണ് അല്‍സാബി യു.എ.ഇ.യിലേക്കു തിരിച്ചുപോയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close