ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റി വയ്ക്കണമെന്ന് അപേക്ഷയുമായി സിബിഐ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്ന് സുപ്രീംകോടതിയില്‍ സിബിഐ അപേക്ഷ നല്കി. മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പടെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് താല്‍ക്കാലികമായി മാറ്റി വയ്ക്കണമെന്നാണ് ആവശ്യം. നാളെ കേസ് പരിഗണിക്കാനിരിക്കുമ്പോഴാണ് സിബിഐയുടെ നിര്‍ണായക നീക്കം.ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ടപ്പോള്‍, സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികള്‍ വെറുതെ വിട്ട കേസായതിനാല്‍, ഇനി കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ശക്തമായ വാദമുഖങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് കൂടി കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവച്ച്, കൂടുതല്‍ സമയം നല്‍കണമെന്ന് കോടതിയില്‍ സിബിഐ അപേക്ഷ നല്‍കുന്നത്.2017ലാണ് പിണറായി വിജയന്, കെ മോഹനചന്ദ്രന്, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വ്യക്തമായ രേഖകള്‍ ഇല്ലാതെ ഹൈക്കോടതി വിധിയില്‍ ഇടപെടില്ല എന്ന സൂചന കൂടിയാണ് ആ പരാമര്‍ശത്തിലൂടെ സുപ്രീംകോടതി നല്‍കിയത്. ഹൈക്കോടതി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും പ്രതിപ്പട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍, ആര് ശിവദാസന്‍, കെ ജി രാജശേഖരന് എന്നിവര്‍ നല്കിയ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്.