INDIANEWSTop News

ലാവലിന്‍ കേസ് വാദം ആരംഭിക്കുന്നു;തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ലാവലിന്‍ കേസ് വാദത്തിനെത്തുന്നത്

ദില്ലി: ലാവലിന്‍ കേസില്‍ വാദം ആരംഭിക്കുന്നു. ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷമാണ് കേസില്‍ വാദം തുടങ്ങുന്നത്. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതായാണ് സൂചന. കേരളത്തില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ലാവലിന്‍ കേസ് വാദത്തിനെടുക്കുന്നത്. കേസില്‍ വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. സിബിഐക്കായി തുഷാര്‍ മേത്തയാണ് നാളെ കോടതിയില്‍ ഹാജരാവുക എന്നാണ് സൂചന. സിബിഐ സമയം നീട്ടി ചോദിച്ചത് കാരണം ഇതുവരെ ഇരുപത് തവണയാണ് എസ്എന്‍സി ലാവലിന്‍ കേസിന്റെ വാദം സുപ്രീം കോടതി മാറ്റിവച്ചത്. ഇതിനിടെ കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിനും മാറ്റമുണ്ടായി. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്. ഈ കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനായി കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശക്തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹര്‍ജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യു.യു.ലളിത് നേരത്തെ കേസ് പരിഗണിച്ച ഘട്ടത്തില്‍ സിബിഐയോട് വ്യക്തമാക്കിയിരുന്നു. നാളെ കേസ് വാദത്തിനെടുക്കാമെന്ന സിബിഐ നിലപാടിനോട് മറ്റു കക്ഷികളും യോജിച്ചുവെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവലിന്‍ കേസില്‍ നാളെ നിര്‍ണായകവാദം തുടങ്ങും. പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും ഇതു കൂടാതെ പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയും അടക്കം എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close