KERALANEWS

ലാവ്ലിന്‍ കേസ്‌: സിബിഐയുടെ ആവശ്യം ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി:ലാവ്ലിന്‍ കേസ് ഇന്ന് സുപ്രിംകോടതിയില്‍. തെളിവുകളും രേഖകളും ഹാജരാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന സിബിഐയുടെ ആവശ്യം ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസില്‍ വാദമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പ് സിബിഐ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

അടിയന്തര സ്വഭാവമുള്ള കേസാണെന്ന നിലപാട് നേരത്തെ സ്വീകരിച്ച സിബിഐ തന്നെയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് ഇന്നലെ കത്ത് നല്‍കിയത്. രേഖകളും തെളിവുകളും ഏകോപിപ്പിച്ച് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം അനുവദിക്കണമെന്നാണ് ആവശ്യം. ലാവ്ലിന്‍ അവസാന കേസായി പരിഗണിച്ച് വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു.

അപ്പീല്‍ നല്‍കിയ സിബിഐ തന്നെ കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തില്‍ അന്തിമവാദം വൈകുമെന്നാണ് വിലയിരുത്തല്‍. ലാവ്ലിന്‍ കേസ് പ്രതികളെ രണ്ട് കോടതികള്‍ കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ സുപ്രിംകോടതി ഇടപെടണമെങ്കില്‍ ശക്തമായ കാരണങ്ങള്‍ വേണമെന്ന് ജസ്റ്റിസ് യു.യു. ലളിത് കഴിഞ്ഞ തവണ വ്യക്തമാക്കി.

ശക്തമായ കാരണങ്ങളുണ്ടെന്നും, രേഖാമൂലം സമര്‍പ്പിക്കാമെന്നുമായിരുന്നു സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ അപ്പീല്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ ആര്‍.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close