INSIGHTKERALANEWS

ലീഡറുടെ സംഭാവനകള്‍ ഇന്നും പ്രസക്തം, ഓര്‍മകള്‍ക്ക് 10 വയസ്സ്

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്തു വര്‍ഷം പിന്നിടുന്നു.ഐക്യകേരളത്തിലെ ജനകീയനായ കോണ്‍ഗ്രസ് നേതാവാണ് ലീഡര്‍ കെ കരുണാകരന്‍.കൊച്ചി നിയമസഭ,തിരു കൊച്ചി നിയമസഭ,കേരള നിയമസഭ, ലോകസഭ, രാജ്യസഭ എന്നിങ്ങനെ എല്ലാ നിയമനിര്‍മാണ സഭകളിലും സജീവമായ പങ്കാളിത്തം നേടിയ അപൂര്‍വ്വ വ്യക്തിത്വത്തിനുടമായാണ് ലീഡര്‍.കേരളത്തിന്റെ രാഷ്ട്രീയഭൂമികയില്‍ എണ്ണംപറഞ്ഞ നേതാക്കളുണ്ടെങ്കിലും ‘ലീഡര്‍’ എന്ന വാക്കിനര്‍ഹനായത് ഒരേയൊരാളാണ്.

നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രി. ആദ്യതവണ 1977 മാര്‍ച്ചുമുതല്‍ ഏപ്രില്‍വരെയുള്ള ഒരുമാസവും 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ചുവരെ രണ്ടാംതവണയും. പിന്നീട് 1982 മേയ് മുതല്‍ 1987 വരെയും 1991 ജൂണ്‍മുതല്‍ 1995 ജൂണ്‍വരെയും നീണ്ടകാലം കേരളത്തിന്റെ മുഖ്യമന്ത്രിയായി. കൂടാതെ, ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്.) രൂപവത്കരിക്കുകയും ഇടതുചായ്വുള്ള കേരളത്തില്‍ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ശക്തമായ ഭരണശക്തിയാക്കി മാറ്റുകയുംചെയ്തു.അറുപതുകളുടെ അവസാനത്തില്‍ സമ്പൂര്‍ണ തകര്‍ച്ച നേരിട്ട കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതില്‍ കരുണാകരനോളം പങ്ക് വഹിച്ച മറ്റൊരു നേതാവില്ല. ഇന്ദിരാ ഗാന്ധിയുടെ കരുത്തില്‍ ദേശീയതലത്തില്‍ കിംഗ് മേക്കറായി വരെ വളര്‍ന്ന നേതാവാണ് കെ. കരുണാകന്‍.

1965-ലെ നിയമസഭാതിരഞ്ഞെടുപ്പുകാലം, തന്റെ മുപ്പതുകളിലും നാല്‍പ്പതുകളിലും നേട്ടങ്ങള്‍കൊയ്തും അതുപോലെ തിരിച്ചടിനേരിട്ടും കരുണാകരന്‍ നിറഞ്ഞുനില്‍ക്കുന്ന സമയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ തൃശ്ശൂരിലെ മാള മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കരുണാകരനെയാണ്. രാഷ്ട്രീയനിരീക്ഷകരെയാകെ ഞെട്ടിച്ചുകൊണ്ട് അന്ന് 47-കാരനായ കരുണാകരന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. പിന്നീട് ഏഴുതവണ തുടര്‍ച്ചയായി മാളയില്‍നിന്ന് ജയിച്ചുകയറി. 1967, 1970, 1977, 1980, 1982, 1987, 1991 എന്നീ വര്‍ഷങ്ങളില്‍ മാളയെ പ്രതിനിധാനംചെയ്ത് അദ്ദേഹം നിയമസഭയിലെത്തി.ക്ഷീണാവസ്ഥയിലായിരുന്ന കോണ്‍ഗ്രസ്പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കി കേരളത്തിലെ ശക്തമായ സാന്നിധ്യമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നതും അദ്ദേഹമാണ്. 1967-ല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് വെറും ഒമ്പതംഗങ്ങളായി ചുരുങ്ങിയ കാലത്താണ് കെ. കരുണാകരന്‍ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവാകുന്നത്. അന്ന് ആ സ്ഥാനമേറ്റെടുക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നത് ചുരുക്കം. വിശ്വസനീയമായ ശക്തികേന്ദ്രമായി അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനര്‍നിര്‍മിച്ചു.

1967 ല്‍ കോണ്‍ഗ്രസിനേറ്റ സമ്പൂര്‍ണ തകര്‍ച്ചയില്‍ പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിലാണ് കെ. കരുണാകരന്‍ മുഖ്യമന്ത്രിയോളം വളര്‍ന്നത്. 1977 മാര്‍ച്ച് 25ന് ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം മൂന്ന് തവണ കൂടി സംസ്ഥാനത്തിന്റെ അധികാരപദവിയിലെത്തി.

നെടുമ്പാശ്ശേരി വിമാനത്താവളം, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിങ്ങനെ കേരളത്തിന്റെ മുഖഛായ മാറ്റിയ നിരവധി സുപ്രധാന വികസന കാല്‍വയ്പ്പുകളില്ലൊം കെ. കരുണാകരന്റെ കരം പതിഞ്ഞിട്ടുണ്ട്.

സംഭവബഹുലമായ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ട മലയാളികളുടെ ഒരേ ഒരു ലീഡറാണ് കെ. കരുണാകരന്‍. നെഹ്റുകുടുംബത്തിലെ മൂന്ന് തലമുറയ്ക്കൊപ്പം പ്രവര്‍ത്തിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ തലയുയര്‍ത്തിനിന്ന നേതാവ്, കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കിയ ഐക്യജനാധിപത്യമുന്നണിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖന്‍, ചടുലമായ രാഷ്ട്രീയനീക്കങ്ങളിലൂടെ എതിരാളികളെയും ആരാധകരെയും ഒരുപോലെ വിസ്മയിപ്പിച്ച രാഷ്ട്രീയചാണക്യന്‍.എന്നാല്‍, ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള കെ. കരുണാകരന്റെ ശ്രമം എല്ലായ്പ്പോഴും വിജയംകണ്ടില്ല. ഒരു ചെറിയകാലം പാര്‍ലമെന്റില്‍ അദ്ദേഹം തിരുവനന്തപുരത്തെ പ്രതിനിധാനംചെയ്തിരുന്നു. 1969 ല്‍ അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന കെ. കരുണാകരന്‍ ദേശീയ തലത്തില്‍ കിംഗ് മേക്കറായും വളര്‍ന്നു. 1991 ല്‍ രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് പി. വി. നരസിംഹറാവുവിനെ പ്രധാനമന്ത്രിപദത്തിലേക്കുയര്‍ത്തി ദേശീയ രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടതും കെ. കരുണാകരനാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close