INSIGHTTrending

ലൂസിഫറിനെ പോലെ തന്നെ ആത്മരതിയുടെ ആഴങ്ങളിൽ വിരാജിച്ചു; പിണറായിയേക്കാൾ വലിയ ഭരണാധികാരിയാകാൻ ശ്രമിച്ചു; സഖാക്കളെക്കാൾ തീവ്ര വിപ്ലവകാരിയെന്ന് നടിച്ചു; എന്നിട്ടും ദൈവം കെ ടി ജലീലിനെ കൈവിട്ടത് കള്ളനായതിനാൽ

വിശുദ്ധ വാചകങ്ങൾ ചൊല്ലി നടക്കുന്ന സാത്തനെ കുറിച്ചുള്ള കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. അവയിലൊന്നാണ് ലൂസിഫർ‌ എന്ന ബൈബിൾ കഥാപാത്രം. പുലരിയുടെ പുത്രനായ, പ്രഭാത നക്ഷത്ര രാജകുമാരനായ ലൂസിഫർ സ്വർഗ്ഗത്തിൽ സുഖിച്ച് വാഴുകയായിരുന്നു. നാളുകൾ കഴിയുന്തോറും ലൂസിഫർ കൂടുതൽ നാർസിസ്റ്റ് ആയി. സ്വന്തം സൗന്ദര്യം , കഴിവുകൾ, കീർത്തി ഇവയിൽ അഭിരമിച്ച് ലൂസിഫർ മഹാ അഹങ്കാരിയായി മാറി. ആത്മരതി പരിധിവിട്ടതോടെ സൃഷ്ടാവായ ദൈവത്തിനേക്കാൾ മുകളിലാണ് താൻ എന്ന് ലൂസിഫറിന് തോന്നിത്തുടങ്ങി. ലൂസിഫർ അനുസരണയില്ലാത്തവനായി മാറി. വിപ്ലവകാരിയായ മാറി. ദൈവവിരോധിയായി. ലൂസിഫർ അക്ഷരാർത്ഥത്തിൽ തന്നെ ‘സാത്താനാ’യി.

ഈ കഥ കേൾക്കുമ്പോൾ നിങ്ങൾക്ക് കെ ടി ജലീലിനെ ഓർമ്മ വരുന്നെങ്കിൽ അത് ഒരിക്കലും യാദൃശ്ചികമല്ല. ലൂസിഫറിനെ പോലെ തന്നെ ആത്മരതിയുടെ ആഴങ്ങളിൽ വിരാജിച്ച, പിണറായിയേക്കാൾ വലിയ ഭരണാധികാരിയാകാൻ ശ്രമിച്ച, സഖാക്കളെക്കാൾ തീവ്രമായ വിപ്ലവകാരിയെന്ന് നടിച്ച, വിശ്വാസികളായ മുസ്ലീങ്ങളെക്കാൾ വലിയ വിശ്വാസിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച കെ ടി ജലീൽ. ഇന്ന്, നിയമസംവിധാനങ്ങളാകെ കെ ടി ജലീൽ എന്ന മുൻ മന്ത്രി അഴിമതിക്കാരനും സ്വജന പക്ഷപാതിയുമാണെന്ന് ആവർത്തിച്ച് പറയുമ്പോൾ മലയാളികൾക്ക് ഓർമ്മ വരിക ലൂസിഫറിനെയല്ലാതെ മറ്റാരെയാണ്.

സത്യം ജയിക്കും, സത്യമേ ജയിക്കൂ അതായിരുന്നു ജലീൽ ഓരോ ആരോപണം നേരിടുമ്പോഴും ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നത്. ഒടുവിൽ സത്യം ജയിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ജലീലിന്റെ പേരിൽ ഒട്ടേറെ വിവാദങ്ങളും ആരോപണങ്ങളും ഉണ്ടായെങ്കിലും ആദ്യമായി മുസ്ലിം ലീഗ് നേതാവ് പികെ ഫിറോസ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത് ജലീലിന്റെ ബന്ധുവായ അദീപിന്റെ നിയമനത്തിൽ ആയിരുന്നു. അതും 2018 ൽ

അതിനെ തുടർന്ന് മാർക്ക് ദാന വിവാദവും സ്വർണ്ണക്കടത്തിലെ പ്രധാന പേരുകാരൻ എന്നൊക്കെയുള്ള ആരോപണങ്ങൾ വരെയും ജലീലിന് എതിരെ വന്നെങ്കിലും സ്വന്തം മകനെപ്പോലെ കൈവിടാതെ കൂടെ ചേർത്ത് നിർത്തുകയാണ് ഇടത് പക്ഷത്തിന്റെ സ്വന്തം ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയനും ചെയ്തത്.

ബന്ധുനിയമന കേസിൽ ലോകായുക്തയും ഇന്ന് ഹൈക്കോടതിയും ജലീലിനെ കൈ വിട്ടിരിക്കുമ്പോൾ. അവസാന നിമിഷം വരെയും അധികാരത്തിൽ കടിച്ചു തൂങ്ങിക്കിടന്ന ജലീലും, ജലീലിനെ സംരക്ഷിച്ച ക്യാപ്റ്റൻ മുഖ്യമന്ത്രിയും ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്.

വിവിധ ഗൾഫ് നാടുകളിലെ എംബസി ഉദ്യോഗസ്ഥരുമായും അത് വഴി അതാത് രാജ്യങ്ങളിലെ ഭരണാധികാരികളുമായി വരെ സൗഹൃദം സ്ഥാപിക്കാൻ ജലീലിന് കഴിഞ്ഞത് അറബി ഭാഷാ കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യം ആവാം , എന്നാൽ അതിനു സാഹചര്യം ഉണ്ടാക്കി കൊടുത്തത് പ്രവാസി കാര്യ വകുപ്പ് ജലീലിന് നൽകിയ ക്യാപ്റ്റൻ പിണറായി വിജയൻ തന്നെയാണ്.

ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ നീതിന്യായ സംവിധാനങ്ങളുടെ വേഗത ഇല്ലായ്മയാണ് നമുക്ക് നീതി ലഭിക്കാതെ പോകുന്നതിന്റെ പ്രധാന കാരണം. യഥാസമയം പികെ ഫിറോസിന്റെ പരാതിക്ക് പരിഹാരം ഉണ്ടായിരുന്നു എങ്കിൽ അതിനു ശേഷം ഉണ്ടായ മാർക്ക് ദാന വിവാദവും പരിശുദ്ധ ഖുർആനെ പോലും മറയാക്കി ചെയ്ത സ്വർണ്ണക്കടത്തും ഇവിടെ സംഭവിക്കില്ലായിരുന്നു എന്ന് തന്നെ പറയാം.

പിണറായി സർക്കാർ അധികാരത്തിൽ കയറിയതിനു ശേഷം ആദ്യമായി കേന്ദ്ര സർക്കാരുമായി കൊമ്പ് കോർത്തത് KT ജലീലിന് സൗദി യാത്രയ്ക്ക് ഡിപ്ലോമാറ്റിക് പാസ്പോർട്ട് നിഷേധിക്കപ്പെട്ടപ്പോഴാണ്. അന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലീഗ് നേതാക്കളും അടക്കം KT ജലീലിന് പിൻതുണയുമായി എത്തിയതുമാണ്. ഇന്ന് അതിൽ അവർ പശ്ചാപത്തപിക്കുന്നുണ്ടാവാം. അല്ലങ്കിൽ അവരും ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തിൽ പങ്കാളികൾ ആണെന് പറയേണ്ടി വരും.

പിന്നീട് പല തവണയും ആഗോള പ്രളയ പിരിവിന്റെ പേരിൽ കേന്ദ്ര സർക്കാരുമായി കേരളാ സർക്കാർ ഇടഞ്ഞതും മന്ത്രിമാരുടെ വിദേശ സന്ദർശനത്തിനു ഡിപ്ലോമാറ്റിക്ക് പാസ്സ്പോര്ട് ലഭിക്കാത്തതിന്റെ പേരിലായിരുന്നു. മുഖ്യമന്ത്രിക്ക് മാത്രമാണ് ഡിപ്ലോമാറ്റിക് പാസ്പോര്ട് നൽകാൻ കേന്ദ്രം തയ്യാറായത് എന്നത് കൊണ്ട് തന്നെ ഏതാണ്ട് പതിനാല് രാജ്യങ്ങളിൽ സന്ദർശനം നടത്തി ക്യാപ്റ്റൻ തന്നെ സ്വന്തം ടീമിന്റെ ചുമതല ഏറ്റെടുത്തു.

സ്വന്തം മന്ത്രി സഭയിലെ ഏത് വകുപ്പിന്റെയും നേട്ടങ്ങൾ സ്വന്തം പേരിലാക്കുന്ന ക്യാപ്റ്റന് കോട്ടങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കാനുള്ള ധാർമികതയുണ്ട്. ധാർമികത എന്ന വാചകം തന്നെ ഈ സർക്കാരിന്റെ കാലത്ത് കോമഡി ആകുമ്പോൾ ക്യാപ്റ്റനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവും ഞാൻ തന്നെ പറയാം . വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടാ, ഞങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചു കേരളത്തെ അപമാനിക്കാനുള്ള ശ്രമം വിലപ്പോവില്ല കടക്ക് പുറത്ത് എന്നൊക്കെ തന്നെ !! ഇനി നാളെ തവനൂരിൽ നിന്ന് KT ജലീൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ജനകീയ കോടതിയിൽ വിജയം നേടിയെന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ അതെ പരിഹാസച്ചിരി നമുക്ക് കാണേണ്ടി വരും.

വിവാദങ്ങളുടെ സഖാവ്

ബന്ധുനിയമനം, മാര്‍ക്ക് ദാനം, ഭൂമി വിവാദം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുളള ബന്ധം, യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പാഴ്‌സല്‍ കൊണ്ടുപോകല്‍; ഏറെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഓരോ തവണയും ജലീലില്‍ നേരിട്ടുകൊണ്ടിരുന്നത്. മറ്റാരോപണങ്ങളില്‍ നിന്നെല്ലാം രാഷ്ട്രീയം പറഞ്ഞ് ഒഴിഞ്ഞുമാറിയ ജലീലിന് പക്ഷേ, സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങളില്‍ നിന്നും പതിവ് മാര്‍ഗത്തിലൂടെ ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ, സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്ന മന്ത്രിയെന്ന ്അപഖ്യാതി ജലീലിന് മേല്‍ വീണു.

പിണറായി വിജയന്റെ മലപ്പുറത്തെ മനസാക്ഷി സൂക്ഷിപ്പുകാരൻ

പി കെ കുഞ്ഞാലിക്കുട്ടിയെന്ന അതികായനെ വീഴ്ത്തി സിപിഎമ്മിന്റെ പ്രിയപ്പെട്ടവനായി മാറിയാണ് ജൈത്രയാത്ര ജലീല്‍ തുടങ്ങിയത്. ആ ഒരൊറ്റ വിജയം കൊണ്ട് തന്റെ പില്‍ക്കാല ചരിത്രങ്ങളെല്ലാം അദ്ദേഹത്തിന് മറയ്ക്കാന്‍ കഴിഞ്ഞു. പിണറായി സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകളില്‍ ഒന്നായ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മന്ത്രി കൂടിയായതോടെ എതിരാളികള്‍ക്കു മുന്നില്‍ കൂടുതല്‍ ശക്തനായി. ഒപ്പം സിപിഎമ്മിന്റെയും പ്രത്യേകിച്ച് പിണറായി വിജയന്റെയും പിന്തുണയും സംരക്ഷണവുംകൂടി സ്വന്തമാക്കി തന്റെ കരുത്ത് കൂട്ടി.

എന്നാല്‍, അത്രനാളും കൊണ്ട് ഉണ്ടാക്കിയെടുത്ത പേരും വിശേഷണങ്ങളുമെല്ലാം തകരുന്ന കാഴ്ച്ചകളായിരുന്നു മന്ത്രിയായശേഷമുള്ള കെ ടി ജലീലിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍. തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രകടനങ്ങള്‍ മോശമാണെന്ന വിമര്‍ശനം ഇടതുമുന്നണിയില്‍ നിന്നും ശക്തമായി ഉയര്‍ന്നിട്ടും ജലീലിനെ ഒഴിവാക്കാന്‍ പിണറായി വിജയന്‍ തയ്യാറായില്ല. സമ്മര്‍ദ്ദം കൂടിയതോടെ ബന്ധുനിയമന വിവാദത്തില്‍ പുറത്തുപോയ ശേഷം ഇ പി ജയരാജന്‍ തിരികെ എത്തിയപ്പോള്‍ ജലീല്‍ നിന്നും തദ്ദേശസ്വയംഭരണ വകുപ്പെടുത്ത് എ സി മൊയ്തീന് നല്‍കി, പകരം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും വഖഫിന്റെയും ചുമതല ജലീലിനെ ഏല്‍പ്പിച്ച് അദ്ദേഹത്തെ മന്ത്രിയായി തുടരാനാണ് പിണറായി തയ്യാറായത്. എന്നാല്‍, പുതിയ വകുപ്പിന്റെ ചുമതലയേറ്റതിനു പിന്നാലെയായിരുന്നു സര്‍ക്കാരിന് യഥാര്‍ത്ഥ തലവേദനയായി ജലീല്‍ മാറിയത്. സാങ്കേതിക സര്‍വകലാശലയില്‍ ചട്ടവിരുദ്ധമായി അദാലത്തില്‍ പങ്കെടുത്തതും, അനര്‍ഹമായി മാര്‍ക്ക് ദാനം നടത്തിയതുമൊക്കെ പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റുകയായിരുന്നു. പരിക്ഷാഫലം വന്നശേഷം വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കിയ നടപടിയില്‍ ദിവസങ്ങളോളം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തി. എന്നാല്‍, സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ജലീലിനെ സംരക്ഷിച്ചതോടെ ആ വിവാദത്തില്‍ നിന്നും ജലീല്‍ രക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് തിരൂര്‍ മലയാളം സര്‍വകലാശാല ഭൂമി വിവാദത്തിലും ജലീല്‍ പെടുന്നത്. സിആര്‍ഇസഡ് സോണ്‍ മൂന്നില്‍ പെടുന്ന ഭൂമി സര്‍വകലാശാളയ്ക്ക് വേണ്ടി വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. കുറഞ്ഞവിലയ്ക്ക് കിട്ടുമായിരുന്നു ഭൂമി വന്‍ വില കൊടുത്ത് വാങ്ങിയതിലൂടെ നടന്ന അഴിമതിയില്‍ ഉന്നതവിദ്യഭ്യാസ വകുപ്പ് ഭരിക്കുന്ന കെ ടി ജലീലിന് വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം വീണ്ടും സമരത്തിനിറങ്ങിയത്. അന്നും ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉണ്ടായിരുന്നു.

ഭൂമി വിവാദവും മാര്‍ക്ക് ദാന വിവാദവും പോലെ കെ ടി ജലീലിലൂടെ പിണറായി സര്‍ക്കാരിന് തലവേദനയുണ്ടാക്കിയ മറ്റൊരു വിവാദമായിരുന്നു ബന്ധു നിയമനം. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി തന്റെ ബന്ധുവിനെ നിയമിച്ചതിലൂടെയാണ് ജലീല്‍ വീണ്ടും വാര്‍ത്തയായത്. തസ്തിക നിര്‍ദേശിക്കുന്ന യോഗ്യതകളില്ലാത്തൊരാളെ ബന്ധുവാണെന്ന ഒറ്റക്കാരണം കൊണ്ട് സുപ്രധാന പദവിയില്‍ നിയമിച്ചതിനെതിരേ വീണ്ടും ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും കേരളത്തില്‍ ഉണ്ടായി. അര്‍ഹരായ പല ഉദ്യോഗാര്‍ത്ഥികളെയും മറികടന്നാണ് ഈ നിയമനം നടന്നതെന്ന ആരോപണത്തിന് തെളിവുകളും പുറത്തു വന്നിരുന്നു. വിവാദം കനത്തതോടെ ജലീലിന്റെ അടുത്ത ബന്ധുവായ കെ ടി അബീദ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അന്നും ജലീലിനെ കൈവിടാന്‍ പിണറായി തയ്യാറായില്ല. തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം വെറും രാഷ്ട്രീയ പ്രേരിതമാണെന്ന വാദമായിരുന്നു ജലീല്‍ ഉയര്‍ത്തിക്കൊണ്ടിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close