Breaking NewsSocial MediaTop News

ലൈം​ഗിക പീഡനത്തിനിരയാക്കി എന്ന പരാതിയുമായി രം​ഗത്തെത്തിയത് 17 യുവതികൾ; വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകുന്നതിനെതിരെ പ്രതിഷേധം ശക്തം; പിണറായി വിജയൻ രക്ഷാധികാരിയായ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യം

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകുന്നതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. നിരവധി യുവതികൾ ലൈം​ഗികാരോപണം ഉന്നയിച്ച ആളാണ് വൈരമുത്തു എന്ന് സിനിമാലോകത്തും പുറത്തുമുള്ള നിരവധി സ്ത്രീകളാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒഎന്‍വി അക്കാദമിയുടെ ഭാഗമായവര്‍ക്ക് ജൂറിയുടെ തീരുമാനം അംഗീകരിക്കാനാകുന്നതാണോ എന്ന് ധന്യ രാജേന്ദ്രന്‍ ട്വീറ്റ് ചെയ്തു. പതിനേഴു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണമുള്ള വ്യക്തിയാണ് വൈരമുത്തുവെന്ന് നടി റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തീരുമാനം പുനപരിശോധിക്കണമെന്ന് മീന കന്ദസ്വാമിയും ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലും പുരസ്‌കാര നിര്‍ണയത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.ഗായിക ചിന്‍മയി ശ്രീപദ, മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍ പാര്‍വതി തിരുവോത്ത് എന്നിവര്‍ അവാര്‍ഡ് നിര്‍ണയത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ട്. കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതര്‍. മീന കന്ദസ്വാമി ട്വീറ്റ് ചെയ്തു.

മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. നാൽപതു വർഷമായി ചലച്ചിത്ര ഗാനരചനയിൽ സജീവമായ വൈരമുത്തു ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. അടൂര്‍ ഗോപാലകൃഷ്ണനാണ് ചെയര്‍മാന്‍. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്. പുരസ്‌കാരം പിന്‍വലിക്കണമെന്ന് അക്കാദമി പാട്രണ്‍ ആയ മുഖ്യമന്ത്രി പിണറായി വിജയനോടും ചെയര്‍മാര്‍ അടൂരിനോടും ട്വിറ്ററില്‍ നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഒഎന്‍വി പുരസ്കാരം പ്രൊഫസര്‍ എം ലീലാവതിക്കാണ് ലഭിച്ചത്. അഞ്ചാമത് പുരസ്കാരമാണ് വൈരമുത്തുവിന് ലഭിച്ചിരിക്കുന്നത്. കവിയും ഗാനരചയിതാവുമായ വൈരവുത്തുവിന് 2014 ല്‍ പദ്മഭൂഷണ്‍ ലഭിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close