KERALANEWSTop News

ലൈഫ് കരാര്‍: സ്വപ്നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി : ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സ്വപ്നയുടെ ലോക്കറിലെ ഒരു കോടി രൂപ എം ശിവശങ്കറിനുള്ള കോഴപ്പണമെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് കരാറിന് സന്തോഷ് ഈപ്പനാണ് ഒരു കോടി നല്‍കിയതെന്നും സ്വപ്ന പറഞ്ഞിരുന്നു.അതിനിടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. തെളിവ് നശിപ്പിക്കുന്നതിനിടയില്‍ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചോ എന്നാണ് പോലീസിന്റെ സംശയം.

കേസില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ പ്രതിനിധിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെയ്സ് പാര്‍ക്കില്‍ ജോലി നേടുന്നതിനാണ് സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചത്. സ്വപ്നയുടെ നിയമനം എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതലത്തില്‍ വന്‍ഗുഢാലോചന നടന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി.അതേസമയം ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക.കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷ്, ഡ്രൈവര്‍ സിദ്ദീക് എന്നിവരെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close