
കൊച്ചി:ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം വീണ്ടും ദ്രുതഗതിയില്‍.വാട്സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറാന്‍ എന്‍ഐഎ കോടതി അനുമതി നല്കി.സി ഡാക്കില്‍ നിന്ന് വിവരങ്ങള്‍ വിജിലന്‍സിന് ലഭിക്കുന്നതോടെ അന്വേഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ടും വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതികള്‍ക്ക് കൈമാറിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇത് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ കിട്ടിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കിയിരുന്നു.ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനു ഈ വാട്സ്ആപ്പ് സന്ദേശങ്ങള്‍ അനിവാര്യമെന്നായിരുന്നു വിജിലന്‍സ് നിലപാട്.
വാട്സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വാട്ട്സ്ആപ്പ് സന്ദേശങ്ങളടക്കം കൈമാറാന്‍ കോടതി അനുമതി നല്കി. സ്വപ്ന സുരേഷ്, സന്ദീപ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്സ്ആപ്പ് സന്ദേശങ്ങളാകും വിജിലന്‍സ് പരിശോധിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ സി ഡാക്കില്‍ നിന്ന് വിവരങ്ങള്‍ വിജിലന്‍സിന് ലഭിക്കും.