
കൊച്ചി:വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളുമായി ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസില്‍ ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണമാണ് സി.ബി.ഐ നടത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കണമെന്നാണ് സി.ബി.ഐ എസ്.പി നിര്‍ദേശം നല്‍കിയിട്ടുള്ളത്. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഹാജരാക്കണം. ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുടെയും വിശദാംശങ്ങള്‍ കൈമാറണം. ലൈഫ് മിഷന് പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും സി.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍ നല്‍കണം. അതോടൊപ്പം, ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന് പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍. യൂണിടാക്കും സെയ്ന് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപടാകുള് സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് സി.ബി.ഐ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിലവില്‍ സി.ബി.ഐ യൂണിടാക്ക് എം.ഡി ജി. സന്തോഷ് ഈപ്പനെയും ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, ത്യശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു.