
കൊച്ചി:ലൈഫ് മിഷന് സിഇഒ യു.വി ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നല്കിയ മൊഴി പരിശോധിച്ച ശേഷം തൃപ്തികരമല്ലെങ്കില്‍ വീണ്ടും വിളിപ്പിക്കാനാണ് സിബിഐയുടെ തീരുമാനം. ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കോടതിയില്‍ സിബിഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് വിശദമായ ചോദ്യം ചെയ്യലിന് സിബിഐ തയ്യാറെടുക്കുന്നത്.
9 മണിക്കൂര്‍ നേരമാണ് സിബിഐ ലൈഫ് മിഷന് സിഇഒ യു വി ജോസിനെ ചോദ്യം ചെയ്തത്. വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളുടെ വിശദാംശങ്ങള്‍ തേടുകയാണ് ചെയ്തത്. നേരത്തെ തൃശ്ശൂര്‍ ലൈഫ് മിഷന് ജില്ല കോഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു. ഇരുവരും പദ്ധതിയെ കുറിച്ച് നല്‍കിയിരിക്കുന്ന മൊഴിയും രേഖകളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും കൂടുതല്‍ ചോദ്യം ചെയ്യല്‍.
റെഡ്ക്രസന്റുമായി കരാര്‍ ഒപ്പിട്ട ലൈഫ് മിഷന് യുണിടാക്കിന് ഉപകരാര്‍ നല്‍കിയത് അറിഞ്ഞിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കൂടാതെ പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ ലൈഫ് മിഷന് ഉദ്യോഗസ്ഥരുടെ അറിവോടെയാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് അടക്കം കമ്മീഷന് ലഭിച്ചിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു വി ജോസിനെയടക്കം വീണ്ടും ചോദ്യം ചെയ്യാന്‍ സിബിഐ വിളിപ്പിച്ചേക്കും. കൂടാതെ മന്ത്രിമാരിലേക്കും മുഖ്യമന്ത്രിയിലേക്കും ചോദ്യം ചെയ്യല്‍ നീളാനാണ് സാധ്യത..