AMERICA 2020

ലോകം കാത്തിരിക്കുന്നു, ആര് ഭരിക്കും അമേരിക്ക

അമേരിക്കന്‍ പ്രസിഡന്റ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയാണ്. ലോകത്തിന്റെ മൊത്തം സമ്പത്തില്‍ 30 ശതമാനത്തോളം കൈവശമുള്ള അമേരിക്ക, സൈനികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ തലങ്ങളില്‍ കാട്ടുന്ന കരുത്ത് അതുല്യമാണ്. ആ പദവിയില്‍ എത്തുന്ന ആള്‍ക്കു കിട്ടുന്ന വിപുലമായ അധികാരങ്ങളും ലോകത്തിന്റെ മേല്‍ അദ്ദേഹം ചെലുത്തുന്ന സ്വാധീനവും മറ്റൊരു രാജ്യത്തെ നേതാവിനും ഇല്ല. അതു കൊണ്ടു തന്നെ ആ തെരഞ്ഞെടുപ്പ് ആഗോള തലത്തില്‍ വന്‍ ശ്രദ്ധ നേടുകയും ആവേശം ഉണര്‍ത്തുകയും ചെയ്യുന്നു. ഓരോ നാലു വര്‍ഷം കൂടുമ്പോള്‍ നവംബര്‍ മാസത്തിലെ ആദ്യ ചൊവാഴ്ച്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പു നടത്തണം എന്നാണ് ഭരണഘടനാ വ്യവസ്ഥ. ചൊവാഴ്ച്ച എന്നു 1845 ല്‍ തീരുമാനിച്ചത് രണ്ടു കാര്യങ്ങള്‍ പരിഗണിച്ചാണ്: ഒന്ന്, ഞായറാഴ്ച പള്ളി മുടക്കേണ്ട. രണ്ട് ഗ്രാമീണ മേഖലകളില്‍ നിന്ന് കര്‍ഷകര്‍ക്ക് വോട്ടിംഗ് കേന്ദ്രങ്ങളില്‍ എത്താന്‍ ഒരു ദിവസത്തെ സാവകാശം നല്‍കണം എന്ന പരിഗണന. അമേരിക്കയില്‍ അക്കാലത്തു കര്‍ഷകര്‍ ആയിരുന്നു കൂടുതല്‍ — 70%. യാത്രയോ കുതിരപ്പുറത്തും മറ്റും.
അന്‍പതു സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡി സിയും അമേരിക്കന്‍ ഭരണ പ്രദേശങ്ങളുമാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. പതിനെട്ടു വയസ് കഴിഞ്ഞ അമേരിക്കന്‍ പൗരന്മാര്‍ക്കു വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.

അതോടോപ്പം യു എസ് കോണ്‍ഗ്രസിന്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്ററ്റീവ്സിലെ 435 സീറ്റുകളിലും രണ്ടു വര്‍ഷം കൂടുമ്പോഴുള്ള തെരഞ്ഞെടുപ്പും വരും. രണ്ടു വര്‍ഷമാണ് ഒരു അംഗത്തിന്റെ കാലാവധി. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞും പിന്നീട് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് വര്‍ഷത്തിലും ആണ് ഹൗസിലേക്കു വോട്ടെടുക്കുക. ഉപരിസഭയായ സെനറ്റിലെ നൂറു സീറ്റില്‍ 33 ലേക്കും വോട്ടെടുപ്പിന് വ്യവസ്ഥയുണ്ട്. ആറു വര്‍ഷം കാലാവധി തികച്ച സെനറ്റിലെ മൂന്നിലൊന്നു അംഗങ്ങള്‍ റിട്ടയര്‍ ചെയ്യുന്നു. ഇക്കുറി 35 സീറ്റുകള്‍ ഒഴിവുണ്ട്, രണ്ടെണ്ണം അധികം. ഒന്ന്, അരിസോണ സെനറ്റര്‍ ആയിരുന്ന ജോണ്‍ മക്കെയ്ന്‍ അന്തരിച്ചതോടെ ഉണ്ടായ ഒഴിവ്. രണ്ട്, ജോര്‍ജിയയില്‍ ജോണി ഇസാക്സണ്‍ എന്ന സെനറ്റര്‍ രാജി വച്ച ഒഴിവ്. ഈ 35 സീറ്റില്‍ 23 റിപ്പബ്ലിക്കന്‍ പക്ഷത്തിന്റേതാണ്. പ്രസിഡന്റിന്റെയും ഭരണ കക്ഷിയുടെയും നിലപാടുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ജനത്തിനു കിട്ടുന്ന അവസരം കൂടിയാണിത്. 53 സീറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും 47 ഡെമോക്രറ്റുകള്‍ക്കും ആണ് ഇപ്പോള്‍. ട്രംപിന്റെ ഭരണ പരാജയങ്ങള്‍ മൂലം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ചില സെനറ്റ് സീറ്റുകള്‍ നഷ്ടമാവുകയും ഡെമോക്രറ്റ്‌സ് ഭൂരിപക്ഷം നേടുകയും ചെയ്യാം എന്നു നിരീക്ഷകര്‍ പറയുന്നു.

പതിമൂന്നു സംസ്ഥാനങ്ങളിലും രണ്ടു യു എസ് ഭരണ പ്രദേശങ്ങളിലും ഗവര്‍ണര്‍മാരുടെ തെരഞ്ഞെടുപ്പും ഉണ്ട് നവംബര്‍ മൂന്നിന്. മൊണ്ടാന, നോര്‍ത്ത് കാരോലിന, വെര്‍മണ്ട്, ന്യു ഹാംപ്ഷെയര്‍, മിസൂറി, വെസ്റ്റ് വിര്‍ജീനിയ, ഡെലവര്‍, വാഷിംഗ്ടണ്‍, ഇന്ത്യാന, നോര്‍ത്ത് ഡകോട്ട, യൂട്ടാ എന്നീ സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍ വരും. യു എസ് ഭരണ പ്രദേശങ്ങളായ പോര്‍ട്ടോ റിക്ക, അമേരിക്കന്‍ സമോവ എന്നിവയും പുതിയ ഗവര്‍ണര്‍മാരെ തീരുമാനിക്കും.

44 സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഉണ്ട്. ലൂസിയാന, മിസിസിപ്പി, വിര്‍ജീനിയ, ന്യു ജേഴ്സി എന്നിവിടങ്ങളില്‍ ഈ വര്‍ഷം ഇല്ല. ചില സംസ്ഥാനങ്ങളില്‍ ഉപരിസഭ നാലു വര്‍ഷത്തേക്കാണ്. ചിലേടത്തു രണ്ടു വര്‍ഷവും. അതിനൊക്കെ പുറമെ, മരിച്ചവരുടെയും രാജി വച്ചവരുടെയും ഒഴിവുകളിലേക്കും വോട്ടെടുപ്പുണ്ടാവും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു തരംഗം ആഞ്ഞടിച്ചാല്‍ അതു മറ്റു തെരഞ്ഞെടുപ്പുകളെയും ബാധിക്കും എന്നതും ചരിത്രമാണ്.
തെരഞ്ഞെടുപ്പ് തീയതികള്‍ ഒരിക്കലും മാറ്റാറില്ല എന്നതാണ് അമേരിക്കയില്‍ മാത്രം കാണുന്ന സവിശേഷത. നവംബറിലെ ആദ്യ ചൊവാഴ്ച്ച ഉറപ്പാണ്, തീയതി ഏതായാലും.

തെരഞ്ഞടുപ്പ് കഴിഞ്ഞു വരുന്ന ജനുവരി അഞ്ചിനു യു എസ് കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് ഫലങ്ങള്‍ അംഗീകരിക്കണം. ജനുവരി 20 നു (ഇക്കുറി 2021 ജനുവരി 20) പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും. ആ തീയതിയും മാറ്റാന്‍ ഭരണഘടന അനുവദിക്കുന്നില്ല. നവംബര്‍ മൂന്നിനും ജനുവരി 20 നും ഇടയില്‍ നിയമ പോരാട്ടങ്ങള്‍ ഉണ്ടാവാം. 2000 ആണ്ടില്‍ ആല്‍ ഗോറും ജോര്‍ജ് ബുഷും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ പോലെ. ഫ്ളോറിഡ സംസ്ഥാനത്തു വോട്ടെണ്ണല്‍ വീണ്ടും നടത്തിക്കൊണ്ടിരിക്കെ സുപ്രീം കോടതി അതു നിര്‍ത്തി വച്ച് ഡിസംബര്‍ ഒടുവില്‍ ബുഷിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അതിനു കോടതി പറഞ്ഞ ന്യായം, ജനുവരി 20 നു പുതിയ പ്രസിഡന്റ് ഉണ്ടായേ തീരൂ എന്നാണ്. തര്‍ക്കവിഷയമായ ഫ്ളോറിഡയില്‍ ബുഷ് വോട്ടെണ്ണലില്‍ മുന്നിട്ടു നിന്നതു കൊണ്ട് കോടതി അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ പ്രസിഡന്റിനു അധികാരം കൈമാറുന്നതിനു മുന്‍പായി ഒട്ടേറെ ഔദ്യോഗിക ഏര്‍പ്പാടുകള്‍ ഉണ്ട്. അതാണ് തീയതി നീട്ടാന്‍ പറ്റില്ല എന്ന തീരുമാനത്തിനു ന്യായം.

ജനകീയ വോട്ടുകള്‍ കൂടുതല്‍ കിട്ടിയത് ആല്‍ ഗോറിനായിരുന്നു. പക്ഷെ ജയിച്ചത് ബുഷും. ഇവിടെയാണ് അമേരിക്കന്‍ ഭരണഘടനയിലെ ശ്രദ്ധേയമായ ഒരു വ്യവസ്ഥ മനസിലാക്കേണ്ടത്. പാര്‍ലമെന്റ് പോലെ ഒരു ഏര്‍പ്പാടുണ്ട് അവിടെ: ഇലക്ടറല്‍ കോളജ്. ഓരോ സംസ്ഥാനത്തു നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട ഈ സഭയില്‍ 538 സീറ്റാണുള്ളത്. അപ്പോള്‍ 270 കിട്ടുന്ന ആള്‍ ജയിക്കുന്നു. ഓരോ സംസ്ഥാനത്തും ജയിക്കുന്ന സ്ഥാനാര്‍ഥിക്കു ഭൂരിപക്ഷം സംസ്ഥാനങ്ങളും അവിടത്തെ ഇലക്ടറല്‍ വോട്ടുകള്‍ മുഴുവന്‍ നല്‍കും. ഉദാഹരണത്തിന്, ബുഷിനു കോടതി ഫ്ളോറിഡയിലെ വിജയം സമ്മാനിച്ചപ്പോള്‍ അദ്ദേഹത്തിന് ആ സംസ്ഥാനത്തെ അന്നത്തെ 25 ഇലക്ടറല്‍ വോട്ടുകള്‍ കിട്ടി. അങ്ങിനെ 271 വോട്ടിനാണ് ബുഷ് ജയിച്ചത്.
തര്‍ക്കം കൊണ്ടു ഫലപ്രഖ്യാപനം നീണ്ടാല്‍ ചിലപ്പോള്‍ തീരുമാനം അധോസഭയായ ഹൗസിനു വിടാനിടയുണ്ട്. 1800, 1824 വര്‍ഷങ്ങളില്‍ ഇത് സംഭവിച്ചു. അങ്ങിനെ വന്നാല്‍ ഓരോ സംസ്ഥാനത്തിനും ഓരോ വോട്ട് മാത്രമേ ഉള്ളൂ. ജനഹിതം പ്രതിഫലിക്കുന്ന തീരുമാനം ആവില്ല അത്. മാത്രമല്ല, ഇലക്ടറല്‍ കോളജ് നോക്കുകുത്തിയാവുകയും ചെയ്യും. ഇത്തരം തര്‍ക്കം ഉണ്ടായാല്‍ വൈസ് പ്രസിഡന്റിനെ ഉപരിസഭയായ സെനറ്റ് ആണ് തെരഞ്ഞെടുക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close