ലോകം കൊറോണ ഭീതി യില്‍,ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി വ്യാഴാഴ്ച ചേരുന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ബുധനാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നില്ല. കൊറോണ വൈറസിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്ന വിലയിരുത്തലില്‍ വ്യാഴാഴ്ച വീണ്ടും യോഗം ചേരാന്‍ ഡബ്ല്യുഎച്ച്ഒ സമിതി തീരുമാനിക്കുകയായിരുന്നു.നേരത്തെ അഞ്ചു തവണ മാത്രമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എബോള പടര്‍ന്നപ്പോള്‍ രണ്ടുതവണയും പന്നിപ്പനി, പോളിയോ, സികാ വൈറസ് എന്നീ രോഗങ്ങള്‍ പടര്‍ന്ന സാഹചര്യങ്ങളില്‍ ഒരോ തവണയുമാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
യു.എസിലും മക്കാവുവിലും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. സൗദിയില്‍ മലയാളി നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.കൊറോണ വൈറസ് ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കേന്ദ്ര വ്യോമ, ആരോഗ്യമന്ത്രാലയങ്ങളുടെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഇമിഗ്രേഷന്‍ ഡെസ്കിനു സമീപമാണ് കൗണ്ടറുകള്‍ തുറന്നിരിക്കുന്നത്.ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക ആരോഗ്യപരിശോധന തുടങ്ങിയിട്ടുണ്ട്. വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന് തായ് ലാന്‍ഡ്, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി. വൈറസ് ബാധയില്‍ ഇതുവരെ 17 പേരാണ് ചൈനയില്‍ മരിച്ചത്. ഇതുവരെ ചൈനയില്‍ 470 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത്. ഇതിനിടെ ‘കൊറോണ’ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് കഴിഞ്ഞ ദിവസം ചൈന സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയത്തിന്റെ തീവ്രത അളവിലധികം വര്‍ദ്ധിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് ‘കൊറോണ’ എന്ന നിഗമനമായിരുന്നു ആദ്യമുണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള സാഹചര്യമുണ്ടാവുമായിരുന്നു. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും എന്ന കണ്ടെത്തല്‍ വന്‍ തിരിച്ചടിയായി.ജലദോഷത്തില്‍ തുടങ്ങി ന്യൂമോണിയയുടെ ലക്ഷണങ്ങളിലേക്കെത്തുന്നതാണ് ‘കൊറോണ’ വൈറസ് ബാധയില്‍ ആദ്യഘട്ടത്തില്‍ സംഭവിക്കുക. തുടര്‍ന്ന് ശ്വാസകോശത്തെയാണ് രോഗം ബാധിക്കുക. 2002-03 വര്‍ഷങ്ങളില്‍ ചൈനയിലും ഹോംഗ്കോംഗിലും പടര്‍ന്നുപിടിച്ച ‘സാര്‍സ്’വൈറസിന്റേതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് ‘കൊറോണ’ വൈറസിലും നടക്കുന്നത്.