ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന്;ഇന്ത്യന്‍ വില 15,22,46,687.50 രൂപ

ബേസല്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് ചികിത്സാടിസ്ഥാനത്തില്‍ നിര്‍മിക്കാനും ഉപയോഗിക്കാനും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി.സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന രോഗത്തിനുള്ള ജീന്‍ തെറാപ്പിക്കുള്ള ഈ മരുന്നിന് 2.125 മില്ല്യണ്‍ ഡോളറാണ് വില (15,22,46,687.50 രൂപ).ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും വില കൂടിയ ജീവന്‍രക്ഷാ മരുന്നാണിത്.
രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലാണ് സോള്‍ജീന്‍സ്മ(zolgensma) എന്ന മരുന്ന് ഉപയോഗിച്ചുള്ള ജീന്‍ തെറാപ്പി ഫലപ്രദമാവുന്നത്. പാരമ്പര്യ രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ശരീരത്തിലെ മസിലുകളുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുന്ന രോഗമാണ്. രോഗം സങ്കീര്‍ണമാവുന്നത് കുഞ്ഞുങ്ങളുടെ മരണത്തിലേക്കോ ചലനശേഷി ഇല്ലാത്ത അവസ്ഥയിലേക്കോ നയിച്ചേക്കാം. ജീവന്‍രക്ഷാ ഉപാധികളോടെ ജീവിതകാലം മുഴുവന്‍ തുടരേണ്ട അവസ്ഥയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ജീന്‍ തെറാപ്പിയിലൂടെ ഈ പ്രശ്നം പരിഹരിക്കാം. ഈ ചികിത്സയ്ക്കായ് നോവാര്‍ട്ടിസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വികസിപ്പിച്ചിരിക്കുന്ന മരുന്നിനാണ് എഫ്ഡിഎ അംഗീകാരം നല്‍കിയിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നോവാര്‍ട്ടിസ്.