
ദുബായ്: തലപൊക്കത്തിൽ ഒന്നാമതെത്താൻ ലോകരാഷ്ട്രങ്ങൾ തമ്മിൽ പോര് മുറുകുന്നു. ലോകത്തെ ഏറ്റവും ഉയരമുള്ള ആഡംബര ഹോട്ടലായ ജെ ഹോട്ടൽ ഷാങ്ഹായ് ടവറിൽ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ ഒന്നാം സ്ഥാനം 2023 ൽ തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് ദുബായ്.
അടുത്തിടെ വരെ ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലും ദുബായിലെ ഗവോറ ഹോട്ടലായിരുന്നു. എന്നാൽ ഇപ്പോൾ ചൈനയിലെ ഷാങ്ഹായിയിലെ ‘ജെ ഹോട്ടൽ’ ആ സ്ഥാനം കരസ്ഥമാക്കി. ലോകത്തെ രണ്ടാമത്തെ ഉയരമേറിയ കെട്ടിടമായ ഷാങ്ഹായ് ടവറിലെ (ഉയരം 642 മീറ്റർ) 120 ാം നിലയിൽ അടുത്തിടെയാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.

ദിനം മുഴുവൻ വ്യക്തിഗത ബട്ലർ സേവനമടക്കം വാഗ്ദാനം ചെയ്യുന്ന ഹോട്ടൽ ഏഴു റസ്റ്ററന്റുകൾ, ബാറുകൾ,സ്പാ തുടങ്ങി മുൻനിര ഹോട്ടലുകൾ നൽകുന്ന എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ട്. . കോവിഡ് കാരണം പ്രവർത്തനം തുടങ്ങാൻ വൈകിയെങ്കിലും ജെ ഹോട്ടൽ അതിഥികളെ സ്വീകരിച്ചു തുടങ്ങി. സെക്കൻഡിൽ 18 മീറ്റർ ഉയരം പിന്നിടുന്ന ലിഫ്റ്റുകളിൽ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് ഹോട്ടലിൽ ഇഷ്ടമുള്ള നിലകളിൽ എത്താം. ഒപ്പം 84 ാം നിലയിൽ നീന്തൽക്കുളവും ഒരുക്കിയിരിക്കുന്നു.
എന്നാൽ വിട്ടുകൊടുക്കാൻ ദുബായ് തയാറല്ല. ജെ ഹോട്ടലിനെ മറികടന്ന് ഒന്നാം സ്ഥാനം 2023 ൽ തിരിച്ചു പിടിക്കാനുള്ള പണിപ്പുരയിലാണ് ദുബായ്. മറീന ഡിസ്ട്രിക്ടിന് സമീപം നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന സീൽ ഹോട്ടലാവും നിർമ്മാണം പൂർത്തിയാവുന്നതോടെ ലോകത്തെ ഉയരമേറിയ ഹോട്ടൽ. 82 നിലകളിലായി 1042 മുറികൾ ഉൾപ്പെടുത്തിയാണ് അംബരചുംബി ഒരുങ്ങുന്നത്. ദ ഫസ്റ്റ് ഗ്രൂപ്പ് എന്ന സ്ഥാപനമാണ് സീൽ ടവറിന്റെ നിർമ്മാതാക്കൾ.

360 ഡിഗ്രിയിൽ നഗരക്കാഴ്ച്ചകൾ ആസ്വദിക്കാനാവുന്ന ഒരു ഗ്ലാസ് ഒബ്സർവേഷൻ ഡെസ്കും സീൽ ടവറിൽ ഒരുങ്ങുന്നുണ്ട്. റൂഫ് ടോപ്പിൽ ഒരുങ്ങുന്ന സ്വിമ്മിങ് പൂളും റസ്റ്റോറന്റുകളുമാണ് ടവറിന്റെ മറ്റ് സവിശേഷതകൾ. ഇവയ്ക്കുപുറമേ സ്പാ, ബിസിനസ് സെന്ററുകൾ എന്നിവയും കെട്ടിടത്തിൽ ഉൾപ്പെടുത്തും. 2016 ലാണ് ടവർ നിർമാണം ആരംഭിച്ചത്. അടുത്തവർഷം അവസാനത്തോടെയോ 2023 ലെ ആദ്യമാസങ്ങളിലോ ടവർ ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ.