ലോക്ക്ഡൗൺ: മൊബൈല്‍ കമ്പനികള്‍ക്ക് നഷ്ടം 15 കോടി

കൊച്ചി : ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്തെ മൊബൈല്‍ റീച്ചാര്‍ജില്‍ 35% കുറവുണ്ടായതായി വിലയിരുത്തല്‍.ലോക്ക്ഡൗൺ തുടങ്ങി 11 ദിവസമായപ്പോഴാണ് റീച്ചാര്‍ജുകളില്‍ ഇത്രയും ഇടിവുണ്ടായത്. അതിഥി തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായതാണ് കാര്യമായ വരുമാനനഷ്ടത്തിനിടയാക്കിയതെന്ന് വിപണിയില്‍നിന്നുള്ളവര്‍ പറയുന്നു.
37 കോടി ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളില്‍ 50% പേരെയും അടച്ചിടല്‍ ബാധിച്ചതായാണ് കണക്ക്. ഇതില്‍തന്നെ 9 കോടിപേരും റിലയന്‍സ് ജിയോ ഉപയോഗിക്കുന്നവരാണ്.115 കോടിവരുന്ന മൊബൈല്‍ വരിക്കാരില്‍ 90% പേരും പ്രീ പെയ്ഡ് ഉപഭോക്താക്കളാണ്. സേവനം തുടര്‍ന്നും ലഭിക്കാന്‍ നിശ്ചിത കാലായളവ് കഴിയുമ്പോള്‍ റീച്ചാര്‍ജ് ചെയ്യുന്നവരാണിവര്‍.ഏപ്രില്‍ 14 വരെ അടച്ചിടലായതിനാല്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയാത്തവരാണ് ഈ സാഹചര്യം പരിഗണിച്ച് എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ കാലാവധി ഏപ്രില്‍ 17വരെ നീട്ടിനല്‍കിയിട്ടുണ്ട്.
ഡിജിറ്റല്‍ റീച്ചാര്‍ജുകളാണ് ഇപ്പോള്‍ കൂടുതലും നടക്കുന്നത്. കടകളടച്ചിട്ടിരിക്കുന്നതിനാല്‍ ആവഴിയുള്ള റീച്ചാര്‍ജ് ചെയ്യല്‍ പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്.50 ശതമാനത്തോളംവരുന്ന ഫീച്ചര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.