ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ ഇളവുകള്‍ എന്തൊക്കെ?തീരുമാനം ജില്ലകളുടെ സാഹചര്യം പരിഗണിച്ച് , മദ്യശാലകള്‍ തല്ക്കാലം തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തല്ക്കാലം തുറക്കേണ്ടെന്ന് തീരുമാനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അനിയന്ത്രിതമായ തിരക്കുണ്ടാവുമെന്ന് പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറവാണ്. മദ്യശാലകള്‍ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോള്‍ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്നും എത്ര
കണ്ട് സാമൂഹിക അകലം പാലിച്ചാലും കനത്ത തിരക്കുണ്ടാവും എന്ന മുന്നറിയിപ്പും യോഗത്തില്‍ ഉയര്‍ന്നു. അതിനാല്‍ സാഹചര്യം പരിശോധിച്ച് മാത്രം മദ്യവില്പനശാലകള് തുറന്നാല്‍ മതിയെന്നാണ് നിലവിലെ ധാരണ.
മുഖ്യമന്ത്രി തന്നെയാണ് ഈ ഒരു തീരുമാനം എടുത്തത് എന്നാണ് റിപ്പോര്‍ട്ട്. മദ്യശാലകള്‍ തുറന്ന ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടിയാല്‍ അതു രാഷ്ട്രീയമായ തിരിച്ചടി സൃഷ്ടിക്കും എന്ന ആശങ്കയും സര്‍ക്കാര്‍ തീരുമാനിത്തിന് പിന്നിലുണ്ടെന്നാണ് സൂചന. ലോക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ സോണുകള്‍ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിന്റെഅടിസ്ഥാനത്തിലായിരിക്കും. 14 ജില്ലകളിലേയും സാഹചര്യം പരിഗണിച്ചാവും ഇളവുകള്‍ നല്‍കുന്നതും ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിക്കുന്നതും.മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശം ഇന്ന് വൈകുന്നേരം പുറത്തു എന്നാണറിയുന്നത്. പുതിയ റെഡ്,ഗ്രീന്‍, ഓറഞ്ച് സോണുകളും ഹോട്ട് സ്പോട്ടുകളും നിലവില്‍ വരാനും സാധ്യതയുണ്ട്.