ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിച്ചതിനാല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നീട്ടിയപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാനത്തിന്റെ സവിശേഷത കൂടി ഉള്‍ക്കൊണ്ട് നിയന്ത്രണം നടപ്പാക്കും. മാര്‍ഗനിര്‍ദ്ദേശം ഉടനെ പുറത്തിറക്കും.ചികിത്സയ്ക്കും പ്രതിരോധത്തിനും ആദ്യ ഘട്ടത്തില്‍ പ്രാധാന്യം നല്കി. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് കടുത്ത നിയന്ത്രണം ഏഡപ്പെടുത്തിയത് ഫലം ചെയ്തു. അപകട നില തരണം ചെയ്തിട്ടില്ല. സാമൂഹിക വ്യാപനം എന്ന ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല. നല്ല ജാഗ്രത പുലര്‍ത്തണം. സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടുണ്ട്. സ്വാഭാവിക ജനജീവിതം അനുവദിക്കുന്നതാണ് പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന മലയാളികളുടെ നാട് കൂടിയാണ് ഇത്. അവരെ ഇവിടേക്ക് കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏര്‍പ്പെടുത്തണം. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കേന്ദ്ര ഉത്തരവ് പ്രകാരം ലോക്ക് ഡൗണ്‍ മെയ് 17 വരെയാണ്. ജില്ലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 21 ദിവസമായി കൊവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീന്‍ സോണ്‍. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. വയനാട്ടില്‍ ഇന്ന് പോസിറ്റീവ് കേസ് വന്നതിനാല്‍ ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റുന്നു. 21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റുന്നു. നിലവില്‍ കൊവിഡ് പോസിറ്റീവ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. കണ്ണൂരും കോട്ടയവും റെഡ് സോണില്‍ തുടരും.മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാണ്. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കല്‍ മാറ്റും. റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കര്‍ശനമായി തുടരും. മറ്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. ഹോട്ട്സ്പോട്ടുകളായ നഗരസഭകളില്‍ വാര്‍ഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കും.
ഗ്രീന്‍ സോണ്‍ ജില്ലകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പൊതുവില്‍ പാലിക്കണം. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ സംസ്ഥാനത്താകെ നടപ്പാക്കുകയാണ്. ചില കാര്യത്തില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തും.പൊതുഗതാഗതം ഗ്രീന്‍ സോണില്‍ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. ഹോട്ട്സ്പോട്ടുകളിലും ഇത് പാടില്ല.ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ല. ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ട് സ്പോട്ട് അല്ലാത്തിടങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് ഇളവ് അനുവദിക്കും.
ആളുകള്‍ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റര്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവക്ക് നിയന്ത്രണം തുടരും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ വേണ്ടെന്ന് വയ്ക്കും.പാര്‍ക്കുകള്‍, ജിംനേഷ്യം എന്നിവിടങ്ങളിലെ കൂടിച്ചേരലുകളും ഉണ്ടാകരുത്. മദ്യശാലകള്‍ തുറക്കുന്നില്ല. മാളുകള്‍ ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഇവയൊന്നും തുറക്കരുത്. ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി ജോലി ചെയ്യാം.
വിവാഹം, മരണാനന്തര ചടങ്ങ് ഇവയ്ക്ക് 20 ലേറെ പേര് പാടില്ലെന്നത് നിബന്ധന പാലിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാംഞായറാഴ്ച പൂര്‍ണ്ണ അവധി. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണ്ണതോതില്‍ കൊണ്ടുവരണം. മുഴുവന്‍ പേരും സഹായിക്കണം. അവശ്യസേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15 വരെ പ്രവര്‍ത്തിക്കാം.ഗ്രൂപ്പ് എ,ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സിഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണം.
ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ വച്ച് തുറക്കാം. ഇത് ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് ബാധകം. ഈ സോണുകളില്‍ ടാക്സി, ഊബര്‍ ടാക്സി എന്നിവ അനുവദിക്കും. ഹോട്ട്സ്പോട്ടുകളൊഴികെ, ഗ്രീന്‍-ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ലാ യാത്രക്ക് പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് പോകാം. ചരക്ക് വാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണമില്ല, പ്രത്യേക പെര്‍മിറ്റ് വേണ്ട.
അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. 65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ള കുട്ടികളും വീടുകളില്‍ കഴിയണം. വൈകിട്ട് ഏഴര മുതല്‍ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ടാകും. അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ് സോണിലും യാത്രക്കാര്‍ക്ക് പോകാം. ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല.
കൃഷി, വ്യവസായ മേഖലകളില്‍ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ തുടരും. കേന്ദ്രം പ്രഖ്യാപിച്ച മറ്റ് ഇളവുകള്‍ ലഭിക്കും. ഓരോ പ്രദേശത്തിനും അതിന്റെ സവിശേഷതയുണ്ടാകും. മാറ്റം എന്താണോ വേണ്ടത് അത് ജില്ലാ കളക്ടര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അറിയിക്കണം. സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളടങ്ങുന്ന സമിതി പരിശോധിച്ച് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കും. പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ സാമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവര്‍ ശേഖരിച്ച പണം അനുവദിക്കാന്‍ ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ അനുവദിക്കും. കാര്‍ഷിക നാണ്യ വിളകളുടെ വ്യാപാരം നിശ്ചലമായത് കര്‍ഷകരെ ബാധിക്കുന്നുണ്ട്. മേഖലയില്‍ എല്ലാ പ്രോത്സാഹനവും നല്‍കും. മലഞ്ചരക്ക് വ്യാപാര ശാലകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. വ്യാവസായിക – വാണിജ്യ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജ് അടക്കാന്‍ പ്രഖ്യാപിച്ച ഇളവുകള്‍ സ്വകാര്യ ആശുപത്രിക്കും ബാധകമാക്കാന്‍ ശുപാര്‍ശ ചെയ്തു.