KERALANEWSTrending

ലോക് ഡൗണിലെ വിരസത അകറ്റാൻ ന​ഗ്നമേനികൾ കാട്ടി സെക്സ് ചാറ്റ് ചെയ്യാൻ അവരെത്തും; അൽപ്പം ജാ​ഗ്രത കാട്ടിയാൽ നഷ്ടമാകാതിരിക്കുക പണവും മാനവും മനസമാധാനവും

കോട്ടയം: വീണ്ടും ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ഓൺലൈൻ ലോൺ സംഘങ്ങൾ മുതൽ ഹണിട്രാപ്പ് സംഘങ്ങൾ വരെ സജീവമാകും എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. പരമാവധി ഇത്തരം തട്ടിപ്പുകളിൽ വീഴാതെ നോക്കണമെന്നും തട്ടിപ്പിന് ഇരയായാൽ അത് പൊലീസിനെ യഥാസമയം അറിയിക്കണമെന്നുമാണ് അധികൃതർ അറിയിക്കുന്നത്.

കഴിഞ്ഞ ലോക് ഡൗൺ സമയത്തും ലോൺ മാഫിയയും ഹണിട്രാപ്പ് മാഫിയയും നിരവധി ആളുകളെയാണ് ചതിക്കുഴിയിൽ വീഴ്ത്തിയത്. ലോൺ മാഫിയയുടെ ഭീഷണി രൂക്ഷമാകുമ്പോൾ ചിലരെങ്കിലും പരാതിയുമായി രം​ഗത്തെത്തിയതും ചില ആത്മഹത്യകളുമാണ് ഇത്തരം സംഘങ്ങളുടെ ചതി വെളിച്ചത്ത് കൊണ്ടുവന്നത്. എന്നാൽ, അതിലും തീവ്രമാണ് ഹണിട്രാപ്പ് സംഘങ്ങൾ എന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിന് ഇരയാകുന്നവരിൽ ഭൂരിപക്ഷവും നാണക്കേട് ഭയന്ന് ഇക്കാര്യം പുറത്ത് പറയാറില്ല. ഇതോടെ സംഘം കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും.

സ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തി ബ്ലാക്ക്മെയിലങ്ങിലൂടെയാണ് പണം തട്ടുന്നത്. ഇരകളുമായി സൗഹൃദം സ്ഥാപിക്കാൻ ഉപയോഗിക്കുന്നതാകട്ടെ സമൂഹിക മാധ്യമങ്ങളും. പ്രൊഫഷണൽസിനെക്കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള വീട്ടമ്മമാരും വിദ്യാസമ്പന്നരായ യുവതീ യുവാക്കളുമടക്കം നൂറുകണക്കിനാളുകളിൽ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണു സൂചന.

വളരെ വിപുലമാണ് ഹണിട്രാപ്പ് തട്ടിപ്പിന്റെ രീതി. സാമൂഹിക മാധ്യമങ്ങളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമ പുരുഷനാണെങ്കിൽ സ്ത്രീകളുടെ പേരിലും സ്ത്രീയാണെങ്കിൽ പുരുഷന്മാരുടെ പ്രഫൈൽചിത്രവും സഹിതം റിക്വസ്റ്റ് അയച്ചുകൊണ്ടാണ് തട്ടിപ്പ് തുടങ്ങുന്നത്. റിക്വസ്റ്റ് അംഗീകരിച്ചെന്ന് കണ്ടാൽ ചാറ്റിങ്ങാണ് അടുത്തഘട്ടം. ഇത് പിന്നെ പതിയെ പതിയെ വീഡിയോ കോളിലേക്കെത്തും. ഈ സമയത്ത് കോളിൽ മുഴുകുന്ന വീട്ടമ്മമാരുൾപ്പടെ വരുന്ന ഇരകളുടെ സംഭാഷണങ്ങളും ചിത്രങ്ങളുമെല്ലാം തട്ടിപ്പുകാരുടെ ഫോണിൽ റെക്കോഡ് ചെയ്യും.

സംസാരവും സൗഹൃദവും കൂടുതൽ ദൃഡമാകുന്നതോടെ സ്വകാര്യഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാൻ ആവശ്യപ്പെടും. ഇത് കിട്ടുന്നതോടെയാണ് ബ്‌ളാക്ക്‌മെയിലിങ്ങിന്റെ തുടക്കം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിക്കും. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ഒരുതവണ പണം കൈമാറി കഴിയുമ്പോൾ പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടുള്ള ഭീഷണികൾ തുടരും. പ്രഫഷണലുകൾക്കും വീട്ടമ്മമാരുമുൾപ്പെടെയുള്ളവർക്കും രാത്രിയിലാണ് വീഡിയോ കോളുകൾ എത്തുക എന്നതാണ് രീതി.

കളമശേരിയിൽ ഹണിട്രാപ്പിൽപ്പെടുത്തി ഡോക്ടറിൽനിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സ്ത്രീയടക്കം മൂന്ന് പേർ പിടിയിലായത് നവംബർ ആദ്യമാണ്. വിരലിലെണ്ണാവുന്നവർ മാത്രമാണ് പരാതിയുമായി മുന്നോട്ടുവരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കിലൂടെ തരപ്പെടുത്തുന്ന ഇന്റർനെറ്റ് കണക്ഷനാണ് തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നത് എന്നതിനാൽ തട്ടിപ്പുകാരെ തിരിച്ചറിയാൻ പൊലീസിന് കഴിയുന്നുമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close